ബെംഗളൂരു: ബെംഗളൂരു കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗർ കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 20-ന് നടക്കും. രാവിലെ 9.30-ന് ആരംഭിക്കുന്ന മത്സരം രണ്ടുമണിക്കൂർ നീണ്ടുനിൽക്കും.
ഒരുടീമിൽ അഞ്ചുപേർക്ക് പങ്കെടുക്കാം. ബെംഗളൂരു നിവാസികളായിരിക്കണം. ഒന്നാംസമ്മാനമായി 10,000 രൂപയും റോളിങ് ട്രോഫിയും നൽകും. രണ്ടാം സമ്മാനമായി 5000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 3000 രൂപയും ട്രോഫിയും നൽകും. കൂടാതെ അഞ്ച് ടീമുകൾക്ക് 1500 രൂപയും ട്രോഫിയും നൽകും. മത്സരത്തിൽ പങ്കെടുക്കുന്നവർ ഓഗസ്റ്റ് 15-ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 98800 66695.
യോഗത്തിൽ കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി കെ. വിനേഷ്, കൾച്ചറൽ സെക്രട്ടറി വി.എൽ. ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
സ്വാതന്ത്ര്യദിനാഘോഷം ലാൽബാഗ് പുഷ്പമേളയ്ക്ക് ഓഗസ്റ്റ് നാലിന്
ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് ഓഗസ്റ്റ് നാലിന് തുടക്കമാകും. 12 ദിവസമാണ് മേള നടക്കുക. ഹോർട്ടികൾച്ചർ വകുപ്പിന്റെ നേതൃത്വത്തിലുള്ള 214-ാമത് ലാൽബാഗ് പുഷ്പമേളയാണ് നടക്കാൻ പോകുന്നത്. ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
പൂക്കൾക്കൊണ്ടുള്ള വിധാൻസൗധയുടെയും ശിവപുര സത്യാഗ്രഹ സൗധയുടെയും മാതൃകയാകും ഇത്തവണത്തെ മുഖ്യ ആകർഷണം. മാതൃകകൾ നിർമിക്കുന്നതിന് പത്തുലക്ഷത്തോളം പുഷ്പങ്ങൾ ഉപയോഗിക്കുന്നുണ്ട്.
മുൻ മുഖ്യമന്ത്രി കെങ്കൽ ഹനുമന്തയ്യക്ക് ആദരവർപ്പിച്ചുള്ള പൂക്കളുടെ സൃഷ്ടികളും പുഷ്പമേളയിൽ ഉണ്ടാകും. സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള പൂക്കൾ കൊണ്ടാകും കലാസൃഷ്ടികളുണ്ടാക്കുക. വിവിധ തരം പൂക്കളുടെ പ്രദർശനത്തോടൊപ്പം മാമ്പഴമുൾപ്പെടെയുള്ളവയുടെ പ്രദർശനവും ഉണ്ടാകും.