Home Featured മാണ്ഡ്യയിൽ കാർ കനാലിൽ വീണ് നാല്‌ സ്ത്രീകൾ മുങ്ങിമരിച്ചു

മാണ്ഡ്യയിൽ കാർ കനാലിൽ വീണ് നാല്‌ സ്ത്രീകൾ മുങ്ങിമരിച്ചു

by admin

ബെംഗളൂരു: മാണ്ഡ്യയിൽ കാർ കനാലിൽ വീണ് ബന്ധുക്കളായ നാല്‌ സ്ത്രീകൾ മരിച്ചു. ഗമനഹള്ളി സ്വദേശി മഹാദേവമ്മ (55), മഹാദേവി (45), രേഖ (36), സഞ്ജന (17) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ശ്രീരംഗപട്ടണ താലൂക്കിലെ ഗമനഹള്ളിക്ക് സമീപത്തായിരുന്നു അപകടം.

വിശ്വേശ്വരായ കനാലിലേക്കാണ് കാർ വീണത്. കാർ ഓടിച്ചിരുന്ന മനോജിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗമനഹള്ളിയിൽ നിന്ന് ദൊഡ്ഡമുൽഗൂഡുവിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് കാർ കനാലിൽ വീഴുകയായിരുന്നു. നാലു സ്ത്രീകളും മുങ്ങിമരിക്കുകയായിരുന്നെന്നാണ് വിവരം. കാർ അതിവേഗതയിലായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് മാണ്ഡ്യ എസ്.പി. എൻ. യതിഷ് പറഞ്ഞു. സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി എച്ച്.സി. മഹാദേവപ്പ, കൃഷിമന്ത്രി എൻ. ചെലുവരായസ്വാമി എന്നിവർ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപവീതം സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കോൺഗ്രസ് കക്ഷിയോഗത്തിൽ രാജിഭീഷണി മുഴക്കി എം.എൽ.എ.

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽ രാജിഭീഷണി മുഴക്കി പാർട്ടി എം.എൽ.എ. ആലന്ദ് എം.എൽ.എ. ബി.ആർ. പാട്ടീലാണ് വ്യാഴാഴ്ച ചേർന്ന യോഗത്തിൽ രാജിഭീഷണി മുഴക്കിയത്. ഞായറാഴ്ച അദ്ദേഹംതന്നെയാണ് ഇക്കാര്യം പുറത്തുപറഞ്ഞത്.

മന്ത്രിമാർ പാർട്ടിയുടെ എം.എൽ.എ.മാരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ആത്മാഭിമാനം ഉയർത്തിക്കാട്ടാനാണ് രാജിഭീഷണി മുഴക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ അവഗണനയിൽ പ്രതിഷേധിച്ച് ബി.ആർ. പാട്ടീൽ ഉൾപ്പെടെ 30 എം.എൽ.എ.മാർ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയിരുന്നു. തുടർന്ന് എം.എൽ.എ.മാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു വ്യാഴാഴ്ച നിയമസഭാ കക്ഷിയോഗം വിളിച്ചുചേർത്തത്.

കത്തെഴുതിയതിന് താൻ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും പാട്ടീൽ പറഞ്ഞു. പക്ഷേ, എം.എൽ.എ.മാരെ കണക്കിലെടുത്തുകൊണ്ടുള്ള നിയമസഭാകക്ഷിയോഗ തീരുമാനങ്ങളിൽ താൻ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group