Home Featured ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ പരിശോധനനടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ പരിശോധനനടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

by admin

ബെംഗളൂരു: നിരന്തരം അപകടങ്ങളുണ്ടാകുന്ന ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ പരിശോധനനടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. അപകടങ്ങളുണ്ടാകുന്നത് നിർമാണത്തിലെ പിഴവുകൊണ്ടാണെന്നും ഇതുപരിഹരിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ചനടത്തുമെന്നും പരിശോധനയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. നിർമാണം പൂർത്തിയാകാതെയാണ് മുൻസർക്കാർ പാത തുറന്നുകൊടുത്തതെന്നും സിദ്ധരാമയ്യ ആരോപിച്ചു. ടോൾ സംബന്ധിച്ച പരാതികൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാഹനങ്ങളുടെ വേഗം കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങളില്ലാത്തതും അപകടങ്ങൾ വർധിക്കുന്നതിന് ഇടയാക്കുന്നുണ്ട്. ചുരുങ്ങിയത് 10 കിലോമീറ്റർ ഇടവിട്ട് ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കണം. അപകടങ്ങൾ കുറയ്ക്കുന്നതിന് ട്രാഫിക് പോലീസിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വരും ദിവസങ്ങളിൽ ചീഫ് സെക്രട്ടറി ദേശീയപാത അതോറിറ്റി അധികൃതരുമായി വിശദമായ ചർച്ച നടത്തും. ഉമ്മദഘട്ടി ഗേറ്റിൽ സ്ഥാപിച്ച നിർമിത ബുദ്ധി അധിഷ്ഠിത ക്യാമറയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പിൽ ഭരണനേട്ടമായി ഉയർത്തിക്കാട്ടാൻ നിർമാണം പൂർത്തിയാകുന്നതിനുമുമ്പേ ബി.ജെ.പി. സർക്കാർ അതിവേഗപാത തുറന്നുകൊടുത്തെന്ന് നേരത്തേ കോൺഗ്രസ് ആരോപിച്ചിരുന്നു. മഴയിൽ ചിലയിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതും വ്യാപക വിമർശനങ്ങൾക്കിടയാക്കി. ഇതിനിടെയാണ് അപകടങ്ങളുടെ എണ്ണവും കുത്തനെ കൂടിയത്. ബെംഗളൂരു- മൈസൂരു അതിവേഗ പാതയിൽ ആറുമാസത്തിനിടെ 121 അപകടങ്ങൾ നടന്നതായി കഴിഞ്ഞദിവസം മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ പറഞ്ഞിരുന്നു.

അതിവേഗ പാതയുടെ ഭാഗമായി സർവീസ് റോഡുകൾ, ബൈപ്പാസുകൾ, പ്രവേശന കവാടങ്ങൾ, ആകാശപാതകൾ എന്നിവ നിർമിക്കാനായി 158.81 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാൽ ഒക്ടോബറിൽ പ്രവൃത്തി തുടങ്ങും. മാർച്ചോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ അതിവേഗ പാതയിലൂടെയുള്ള യാത്രകൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാകും. അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാതയിൽ സ്ഥാപിച്ച എ.ഐ.ക്യാമറകൾ ഉപയോഗിച്ച് ഡ്രൈവർമാരിൽനിന്ന് പിഴയീടാക്കുന്ന സംവിധാനം ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ ആറ് നിർമിത ബുദ്ധി അധിഷ്ഠിത ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ടോൾ ഗേറ്റുകളിൽ വെച്ച് ഏതാനും വാഹനഡ്രൈവർമാർക്ക് പിഴയൊടുക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസും ഉദ്യോഗസ്ഥർ കൈമാറി. ക്യാമറകളിലൂടെ ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പിഴയീടാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group