ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ അടിയന്തര ഘട്ടത്തില്‍ അധികൃതരുമായി ബന്ധപ്പെടാൻ ‘എസ്.ഒ.എസ്’ എന്ന പേരില്‍ പ്രത്യേക സംവിധാനം. ‘സേവ് ഔവര്‍ സോള്‍’ എന്ന ഈ സംവിധാനം പാതയിലെ വിവിധ സ്ഥലങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
മഞ്ഞ നിറത്തിലുള്ള തൂണില്‍ പാതക്കരികെ വിവിധയിടങ്ങളില്‍ ‘SOS’ എന്ന് രേഖപ്പെടുത്തിയ പെട്ടികള്‍ കാണാം. ഇതിലെ ബട്ടണില്‍ അടിയന്തരഘട്ടത്തില്‍ റോഡ് യാത്രക്കാര്‍ അമര്‍ത്തുകയാണ് വേണ്ടത്. ഇതോടെ ഇതിലെ കാമറകള്‍ തുറന്നുവരും. ഇതിലൂടെ അധികൃതരുമായി റോഡ് യാത്രക്കാര്‍ക്ക് സംസാരിക്കാനാകും. ഒരേസമയംതന്നെ ആംബുലൻസ് ആവശ്യമാണെങ്കില്‍ അവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് അറിയിപ്പ് പോകും.
അടുത്തുള്ള പൊലീസ് സ്റ്റേഷനുകളുമായും അടിയന്തര കാള്‍ സെന്ററുകളുമായും ഈ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. ജി.പി.എസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ അപകടം പോലുള്ളവ എവിടെയാണ് നടന്നിരിക്കുന്നതെന്നത് ഈ സംവിധാനത്തിലൂടെ അധികൃതര്‍ക്ക് പെട്ടെന്ന് തന്നെ അറിയാനാകും. സൗരോര്‍ജത്താലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
മൈസൂരുവിലെ ജെ.എല്‍.ബി റോഡിലെ പ്രധാന കാള്‍സെന്ററുമായും ഇതിലൂടെ ബന്ധപ്പെടാം. നിലവില്‍ ദേശീയപാത അതോറിറ്റിയുടെ സഹായ നമ്ബറില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി റോഡ് യാത്രക്കാര്‍ക്ക് ഫോണിലൂടെ ബന്ധപ്പെടാം. എന്നാല്‍, അതിവേഗപാതയുടെ പലയിടങ്ങളിലും മൊബൈലിന് റേഞ്ചില്ല. പലപ്പോഴും മൊബൈലിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നിട്ടുമുണ്ടാകും. ഇക്കാരണങ്ങളാല്‍ അധികൃതരുമായി ബന്ധപ്പെടാനാകാതെ യാത്രക്കാര്‍ നിസ്സഹായരാകാറുണ്ട്. ഇത്തരക്കാര്‍ക്കടക്കം ഹൈവേ അതോറിറ്റി പുതുതായി സ്ഥാപിച്ചിരിക്കുന്ന എസ്.ഒ.എസ് സംവിധാനം ഉപയോഗിക്കാം.
സര്‍വിസ് റോഡില്‍ ടോള്‍ വേണ്ട
ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗ പാതയിലെ സര്‍വിസ് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് നിലവില്‍ ടോള്‍ നല്‍കേണ്ട. അപകടങ്ങള്‍ കൂടിയതിനാല്‍ ആഗസ്റ്റ് ഒന്നുമുതല്‍ അതിവേഗ പാതയില്‍ ബൈക്ക്, ഓട്ടോ, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനാല്‍, ഇത്തരം വാഹനങ്ങള്‍ സര്‍വിസ് റോഡിലൂടെയാണ് ഓടേണ്ടത്. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂര്‍, മാണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലാണ് സര്‍വിസ് റോഡില്‍നിന്ന് അതിവേഗ പാതയിലേക്ക് പ്രവേശിക്കാനുള്ള ഇടനാഴികളുള്ളത്. ബംഗളൂരുവില്‍ നിന്ന് മലബാറിലേക്കുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്ന അതിവേഗപാതയില്‍ ബിഡദിയിലും ശ്രീരംഗപട്ടണയിലുമാണ് ടോള്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്.
വിളിക്കണം 1033 നമ്ബറില്‍
ബംഗളൂരു: അതിവേഗപാതയില്‍ അപകടങ്ങള്‍ പോലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ 1033 എന്ന ടോള്‍ ഫ്രീ നമ്ബറിലാണ് ബന്ധപ്പെടേണ്ടത്. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയമാണ് ഹൈവേ അതോറിറ്റി മുഖേന ടോള്‍ ഫ്രീ നമ്ബര്‍ തയാറാക്കിയത്. ആംബുലൻസുകള്‍, റെസ്ക്യൂ വാഹനങ്ങള്‍, പൊലീസ് വാഹനങ്ങള്‍ എന്നിവ 30 മിനിറ്റിനുള്ളില്‍തന്നെ സംഭവസ്ഥലെത്തത്തുമെന്നും അതോറിറ്റി പറയുന്നു.