ബെംഗളൂരു: കര്‍ണാടകയില്‍ വിവിധ സ്ഥലങ്ങളില്‍ 2020ലുണ്ടായ സംഘര്‍ഷങ്ങളിലും പ്രതിഷേധങ്ങളിലും നിരപരാധികള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികളുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
ബെംഗളൂരുവിലെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി എന്നിവിടങ്ങളിലും ശിവമൊഗ്ഗ, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായ വിവിധ അക്രമസംഭവങ്ങളില്‍ നിരവധി യുവാക്കള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയും അന്നത്തെ സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തിയിട്ടുണ്ട്. ഇവരില്‍ പലരും ജയിലിലാണ്. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് മുന്‍മന്ത്രിയും നരസിംഹരാജ മണ്ഡലം എം.എല്‍.എയുമായ തന്‍വീര്‍ സേഠ് ആണ് ആവശ്യമുന്നയിച്ചത്. ഇക്കാര്യം പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയില്‍-സിവില്‍ ഡിഫന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് പ്രത്യേക നിര്‍ദേശം നല്‍കിയത്. ആവശ്യമായ പരിശോധന നടത്തിയും നിയമം പാലിച്ചും മാത്രമേ നടപടികള്‍ സ്വീകരിക്കൂവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
2020 ആഗസ്റ്റിലാണ് ബെംഗളൂരുവിലെ ഡി.ജെ ഹള്ളിയിലും കെ.ജി ഹള്ളിയിലും അക്രമങ്ങള്‍ നടന്നത്. അന്നത്തെ പുലികേശിനഗര്‍ മണ്ഡലം കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു സമൂഹമാധ്യമങ്ങളില്‍ നടത്തിയ മോശം പരാമര്‍ശത്തെതുടര്‍ന്നായിരുന്നു സംഘര്‍ഷം. മൂന്നുപേര്‍ മരിക്കുകയും 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എം.എല്‍.എയുടെ വീടും കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു. ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് ശിവമൊഗ്ഗ, ഹുബ്ബള്ളി, മറ്റ് ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധപരിപാടികള്‍ അക്രമാസക്തമാവുകയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളില്‍ നൂറുകണക്കിന് ന്യൂനപക്ഷവിഭാഗക്കാര്‍ക്കെതിരെയാണ് കള്ളക്കേസ് ചുമത്തപ്പെട്ടത്. അതേസമയം, ഒരു സമുദായത്തിലെ കുറ്റവാളികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.