ബെംഗളൂരു: കർണാടകത്തിന്റെയും തമിഴ്നാടിന്റെയും തലസ്ഥാനനഗരങ്ങളെ ബന്ധിപ്പിക്കുന്ന ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിർമാണം പുരോമിക്കുന്നു. പാത അടുത്തമാർച്ചിൽ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.
പാതയുടെ ബെംഗളൂരുവിലെ ഹൊസകോട്ടെമുതൽ കോലാർജില്ലയിലെ മാലൂർവരെയുള്ള ഭാഗത്തിന്റെയും ബംഗാർപേട്ട് മുതൽ ബേതമംഗല വരെയുള്ള ഭാഗത്തിന്റെയും നിർമാണം വേഗത്തിൽ നടന്നുവരുകയാണെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
രണ്ട് ഭാഗങ്ങളിലും നിർമാണം പുരോഗമിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തു. ഹൊസെകോട്ടെമുതൽ മാലൂർവരെയുള്ള 18 കിലോമീറ്റർ 1160 കോടിരൂപ ചെലവിലും ബംഗാർപേട്ട് മുതൽ ബേതമംഗല വരെയുള്ള 17.5 കിലോമീറ്റർ 863 കോടിരൂപ ചെലവിലുമാണ് പൂർത്തിയാകുന്നത്. ഭാരത് മാല പരിയോജനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണമെന്നും മന്ത്രി അറിയിച്ചു.
ബെംഗളൂരുവിലെ ഹൊസകോട്ടെയിൽനിന്ന് ചെന്നൈ നഗരത്തിന് സമീപത്തുള്ള ശ്രീപെരുംപുത്തൂരിൽ എത്തിച്ചേരുന്ന 258 കിലോമീറ്റർ എക്സ്പ്രസ് പാതയാണ് നിർമിക്കുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ മാലൂർ, ബംഗാർപേട്ട്, കോലാർ, വെങ്കടഗിരി, പലമനെർ, ബംഗാരുപാളയം, ചിറ്റൂർ, റാണിപേട്ട് നഗരങ്ങളിലൂടെയാണ് പാത കടന്നുപോകുക.
എട്ട് വരിയിലാണ് പാതയുടെ നിർമാണം. 16,730 കോടിരൂപയുടെ പദ്ധതിയാണിത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻശേഷിയുള്ള റോഡായിരിക്കും. രണ്ടുമണിക്കൂർ 15 മിനിറ്റുകൊണ്ട് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലെത്താനാവും. കർണാടകത്തിൽ 106 കിലോമീറ്ററും ആന്ധ്രയിൽ 71 കിലോമീറ്ററും തമിഴ്നാട്ടിൽ 85 കിലോമീറ്ററും പാതയുണ്ടാകും.
മഴക്കെടുതി : 24 മണിക്കൂറിനിടെ നാലുമരണം
ബെംഗളൂരു : കർണാടകത്തിൽ മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുപേർ മരിച്ചു. ബീദർ സ്വദേശി മല്ലപ്പ ശരണപ്പ (25), ഹാവേരി സ്വദേശി മഞ്ജു നായക് എന്നിവരാണ് മരിച്ചത്. ബീദറിലെ ബസവകല്യാണിൽ തോട് മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മല്ലപ്പ ശരണപ്പ മരിച്ചത്.
തുംഗഭദ്ര നദിയിൽ കൈകഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മഞ്ജുനാഥ ബസവരാജ മരിച്ചത്. കലബുറഗി ജെവരാഗി സ്വദേശിയായ ബസമ്മ വീടിന്റെ ഭിത്തി തകർന്ന് മരിക്കുകയായിരുന്നു. ഹൊന്നാവറിൽ രാമതീർഥ നദിയിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മണികാന്ത മഞ്ജുനാഥ നായകിന്റെ ജീവൻപൊലിഞ്ഞത്.
കഴിഞ്ഞ ദിവസം ഉഡുപ്പി ജില്ലയിലെ അരസിനഗുണ്ടി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായിരുന്നു. വെള്ളം കൂടുതലായതിനാൽ ആളുകൾ ജലാശയങ്ങൾക്കരികെ പോകരുതെന്ന് മുന്നറിയിപ്പുണ്ട്