ദില്ലി: രാജ്യത്തെ ലോ-കോസ്റ്റ് കാരിയറായ ഗോ ഫെസ്റ്റിന് പ്രവർത്തനം പുനരാരംഭിക്കാനുള്ള അംഗീകാരം നൽകി ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ. ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഗോ ഫെസ്റ്റിന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. 15 വിമാനങ്ങൾകൊണ്ട് 114 പ്രതിദിന സർവീസുകൾ നടത്താനുള്ള അനുമതിയാണ് നൽകിയത്. മെയ് 3-ന് പറക്കുന്നത് നിർത്തിയ ബജറ്റ് കാരിയർ ഗോ ഫസ്റ്റ് പാപ്പരത്ത പരിഹാര നടപടികളിലാണ്.
ഇടക്കാല ധനസഹായത്തിന്റെ പിന്തുണയിലാണ് ഗോ ഫസ്റ്റ് പ്രവർത്തനമാരംഭിക്കുക. ജൂൺ 28-ന് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതി ഡിജിസിഎയ്ക്ക് സമർപ്പിച്ചിരുന്നു. തുടർന്ന്, ഡിജിസിഎ മുംബൈയിലെയും ദില്ലിയിലെയും കാരിയറിന്റെ സൗകര്യങ്ങളെക്കുറിച്ച് പ്രത്യേക ഓഡിറ്റ് നടത്തി. ശേഷം ഡിജിസിഎ നിർദേശങ്ങൾ പരിഗണിച്ച് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതിയിൽ ഭേദഗതി വരുത്തി.
മേയ് മൂന്ന് മുതലാണ് ഗോ ഫസ്റ്റ് സർവീസുകൾ നിർത്തിവെച്ചത്. അടച്ചുപൂട്ടല്‍ ഭീഷണിക്കിടെ പാപ്പര്‍ അപേക്ഷയുമായി കമ്പനി ദേശീയ നിയമ ട്രിബ്യൂണലിനെ സമീപിച്ചതിനു പിന്നാലെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ വീഴ്ചവരുത്തിയതാണ് വിമാനക്കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങൾ പറക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിൽ 25 എണ്ണവും എൻജിനില്ലാത്തതുകൊണ്ടാണ് സർവീസ് നിർത്തിയത്.
മുമ്പ് ഗോ എയർ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ്, ഇന്ത്യൻ ആഭ്യന്തര വ്യോമമേഖലയിൽ ഒമ്പത് ശതമാനം വിപണി വിഹിതം കൈവശം വച്ചിട്ടുണ്ട്. 2023 ഏപ്രിലിൽ ശരാശരി 94.5 ശതമാനം പാസഞ്ചർ ലോഡ് കമ്പനിക്ക് ഉണ്ടായിരുന്നു എന്നാണ് കണക്കുകള്‍.
കേരളത്തെ സമ്മര്‍ദ്ദത്തിലാക്കിയ നന്ദിനി പാലിന് ഒടുവില്‍ വില വര്‍ദ്ധിപ്പിച്ചു
ബെംഗളൂരു:നന്ദിനി പാലിന് കര്‍ണാടകയില്‍ വില വര്‍ദ്ധിപ്പിച്ചു. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെഎംഎഫ്) വില പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെ നന്ദിനി പാലിന് മൂന്ന് രൂപ വില കൂടുമെന്ന് കെഎംഎഫ് പ്രസിഡന്റ് ഭീമ നായിക് പറഞ്ഞു. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
വില വര്‍ദ്ധിപ്പിക്കാന്‍ ഫെഡറേഷനില്‍, യൂണിയനുകളുടെയും കര്‍ഷകരുടെയും സമ്മര്‍ദ്ദമുണ്ടെന്ന് ജൂണ്‍ 21 ന് കെഎംഎഫ് ചെയര്‍മാനായി ചുമതലയേറ്റ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ ഭീമാ നായിക് പറഞ്ഞു.
ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഇതോടെ 39 രൂപയായിരുന്ന ഒരു ലിറ്റര്‍ പാല്‍ വില ഇനിമുതല്‍ 43 രൂപ ആയിരിക്കും. നിലവില്‍ ലിറ്ററിന് 39 രൂപയുള്ള നന്ദിനി പാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വില കുറഞ്ഞവയില്‍ ഒന്നാണ്.
നന്ദിനി പാലിന് ലിറ്ററിന് 5 രൂപ കൂട്ടണമെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു നന്ദിനി ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിപ്പിച്ചിരുന്നത്. ഈ വര്‍ഷം വീണ്ടും അഞ്ചു രൂപ കൂട്ടണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം തള്ളിയെങ്കിലും പിന്നീട് രണ്ടു രൂപ കൂട്ടാന്‍ അനുവാദം നല്‍കുകയായിരുന്നു.