ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ ബസിന്റെ ചില്ലും ലൈറ്റുകളും യുവാവ് അടിച്ചുതകർത്തു. സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ വെള്ളിയാഴ്ച രാത്രി 8.45-നാണ് സംഭവം. ഇലക്ട്രോണിക് സിറ്റി മേൽപ്പാലം പിന്നിട്ട് തൊട്ടടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
സ്കൂട്ടറിന് സൈഡുകൊടുത്തില്ലെന്ന് ആരോപിച്ച് ഡ്രൈവറോട് കയർത്ത യുവാവ്, ബസിന്റെ വൈപ്പർ പൊട്ടിച്ചെടുത്ത് മുൻവശത്തെ ചില്ലും ലൈറ്റുകളും അടിച്ചുതകർക്കുകയായിരുന്നു. പിന്നീട് സ്കൂട്ടറുമായി പോകുകയും ചെയ്തു.
ഇലക്ട്രോണിക് സിറ്റി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്.സ്ത്രീകൾ ഉൾപ്പെടെ 40 യാത്രക്കാർ സംഭവസമയത്ത് ബസിലുണ്ടായിരുന്നു.
നന്ദിനി പാലിന് മൂന്നുരൂപ വർധിപ്പിച്ചു
ബെംഗളൂരു: കർണാടകത്തിൽ നന്ദിനി പാലിന്റെ വില വർധിപ്പിച്ചു. ലിറ്ററിന് മൂന്നുരൂപയാണ് വർധന. കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാൻ ഭീമ നായിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ലിറ്ററിന് അഞ്ച് രൂപ വർധിപ്പിക്കണമെന്നായിരുന്നു ഫെഡറേഷൻ ആവശ്യപ്പെട്ടത്. നീല പാക്കറ്റ് പാലിന് ലിറ്ററിന് 40 രൂപയാണ് നിലവിലെ വില.