ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ -മൂന്ന് ദൗത്യം പരാജയപ്പെടുമെന്ന് ട്വീറ്റ് ചെയ്ത അധ്യാപകൻ വിവാദത്തില്‍. മല്ലേശ്വരം പി.യു കോളജിലെ കന്നട അധ്യാപകൻ ഹുലികുണ്ടെ മൂര്‍ത്തിയാണ് ദൗത്യത്തെ പരിഹസിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടത്.
പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് ശ്രദ്ധേയമായത്. രാജ്യത്തിന് അഭിമാനമായ ചാന്ദ്രയാൻ ദൗത്യത്തെ രാജ്യത്തിരുന്ന് കൊണ്ട് തന്നെ പരിഹസിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
പിന്നാലെ അധ്യാപകനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നു. വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടു. ചന്ദ്രയാൻ-3 ഇത്തവണയും പരാജയപ്പെടും എന്നായിരുന്നു അധ്യാപകന്‍റെ ട്വീറ്റ്. തിങ്കളാഴ്ചയാണ് ചന്ദ്രയാൻ -മൂന്നിനെ കുറിച്ചുള്ള മൂര്‍ത്തിയുടെ സമൂഹമാധ്യമ പോസ്റ്റ് തന്‍റെ ശ്രദ്ധയില്‍പെടുന്നതെന്ന് പ്രീ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
‘അത്തരത്തിലൊരു കുറിപ്പ് പോസ്റ്റ് ചെയ്തതിനെ കുറിച്ച് അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച അദ്ദേഹം മറുപടി നല്‍കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. വിഷയത്തില്‍ ബി.ജെ.പി നേതാവ് എസ്. സുരേഷ് കുമാര്‍ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പെക്ക് പരാതി നല്‍കിയിട്ടുണ്ട്’, ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ബെംഗളൂരുവില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് പേര്‍ അറസ്റ്റില്‍; ഭീകരരുടെ പക്കല്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു
ബെംഗളൂരു: ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി). പ്രതികളുടെ പക്കല്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ബെംഗളൂരു നഗരത്തില്‍ സ്‌ഫോടനം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം. ജുനൈദ്, സൊഹൈല്‍, ഉമര്‍, മുദസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് പേരുടെയും ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തില്‍ മറ്റ് അഞ്ച് പേര്‍ കൂടി ഉള്‍പ്പെട്ടതായാണ് വിവരം. ഇവര്‍ക്ക് വേണ്ടി സിസിബി തിരച്ചില്‍ ആരംഭിച്ചു.
2017ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊലപാതക കേസിലെ പ്രതികളാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ജയിലില്‍ കഴിയവെയാണ് ചില ഭീകരരുമായി പ്രതികള്‍ക്ക് ബന്ധമുണ്ടാകുന്നത്. ഇതിന് പിന്നാലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പരിശീലനങ്ങളും ഇവര്‍ക്ക് ലഭിച്ചു. സ്‌ഫോടക വസ്തുക്കള്‍ എപ്രകാരം കൈകാര്യം ചെയ്യണമെന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ പരിശീലനം പ്രതികള്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് വിവരം. ബെംഗളൂരു നഗരത്തില്‍ സ്‌ഫോടനം നടത്താനുള്ള സംഘത്തിന്റെ പദ്ധതിയെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച സിസിബി ഉദ്യോഗസ്ഥര്‍ ഭീകരരെ തന്ത്രപരമായി കുടുക്കുകയായിരുന്നു. അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നാണ് സിസിബി നല്‍കുന്ന വിവരം.