മണാലിയിലെ കനത്ത മഴയിലും പ്രളയത്തിലും കുടുങ്ങി മലയാളികള്‍. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മണാലിയില്‍ കുടുങ്ങിയിരിക്കുകയാണ്.
ഈ മാസം ഏഴാം തിയ്യതിയാണ് ഗള്‍ഫില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ ആറുപേര്‍ മണാലിയിലേക്ക് പോയത്. എന്നാല്‍ ഇവരെ ഇപ്പോള്‍ ബന്ധപ്പെടാനാവുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വരെ ഇവരെ ബന്ധപ്പെടാന്‍ സാധിച്ചെങ്കിലും പിന്നീട് ഫോണില്‍ കിട്ടിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ജംഷീദ് എന്നാണ് മലപ്പുറത്ത് നിന്നുള്ളയാളുടെ പേര്. ഇവരുടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവും ഈ സംഘത്തിലുണ്ട്. മണാലിലയിലെ ഹോട്ടലില്‍ ഇവര്‍ മുറിയെടുത്ത് താമസിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെട്ടപ്പോള്‍ കിട്ടുന്നില്ലെന്ന് കുടുംബം പറയുന്നു. ഇതോടെ മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ 61ആയി. ജില്ലാ ഭരണകൂടങ്ങളായ ഷിംല, മണാലി എന്നിവിടങ്ങളില്‍ ബന്ധപ്പെടുമ്ബോള്‍ മലയാളികള്‍ ഇതിനേക്കാളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ സീസണില്‍ നിവധി മലയാളികള്‍ എത്താറുണ്ടെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മലയാളികള്‍ ഇനിയുമുണ്ടെന്നാണ് പറയുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കനത്ത മഴ: ഹിമാചല്‍ പ്രദേശിലെ 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 24 മണിക്കൂര്‍ നേരത്തേക്ക് ജനങ്ങള്‍ പുറത്തിറങ്ങരുത്
ഹിമാചല്‍ പ്രദേശില്‍ അതിതീവ്ര മഴ തുടരുന്നു. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് 8 ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കൂടാതെ, അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. നിലവില്‍, രക്ഷാപ്രവര്‍ത്തനത്തിനായി എൻഡിആര്‍എഫിന്റെ 12 സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഷിംല, കുളു, സോലൻ, ലഹോള്‍, കിന്നൗര്‍, മണ്ടി, ബിലാസ്പൂര്‍, സിൻമൗര്‍ തുടങ്ങിയ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്.
സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ ഇതുവരെ 20 പേര്‍ക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ കുടുങ്ങിയ ഡോക്ടര്‍മാര്‍ അടക്കമുള്ള 51 പേര്‍ക്ക് ഇന്നലെയും മടങ്ങാൻ കഴിഞ്ഞിട്ടില്ല. ഏകദേശം 400 ഓളം വിനോദസഞ്ചാരികള്‍ വിവിധയിടങ്ങളിലായി കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കസോളില്‍ കുടുങ്ങിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 18 വിദ്യാര്‍ത്ഥികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ 17 വനിതാ ഡോക്ടര്‍മാര്‍ നിലവില്‍ ഹഡിംബ ഹോം സ്റ്റെയിലാണ് ഉള്ളത്. 6 മലയാളി മാധ്യമപ്രവര്‍ത്തകരുടെ സംഘം ഇപ്പോഴും മണ്ടിയില്‍ തുടരുകയാണ്.