ബംഗളൂരു: പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നത് അപകീര്‍ത്തിയാണെന്നും എന്നാല്‍ രാജ്യദ്രോഹത്തിന് തുല്യമല്ലെന്നും കര്‍ണാടക ഹൈക്കോടതി.പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നത് അപകീര്‍ത്തികരവും നിരുത്തരവാദപരവുമാണ്. എന്നാല്‍ അതിനെ രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി. ഒരു സ്‌കൂള്‍ മാനേജ്മെന്റിനെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് കോടതി പരാമര്‍ശം.തങ്ങള്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ബിദറില്‍ പ്രവര്‍ത്തിക്കുന്ന ‘ഷഹീന്‍’ സ്‌കൂള്‍ മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
മാനേജ്മെന്റ് ഉദ്യോഗസ്ഥരായ അല്ലാവുദ്ദീന്‍, അബ്ദുള്‍ ഖാലിഖ്, മുഹമ്മദ് ബിലാല്‍ ഇനാംദാര്‍, മുഹമ്മദ് മഹ്താബ് എന്നിവര്‍ക്കെതിരെ ബിദാറിലെ ന്യൂ ടൗണ്‍ പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ജസ്റ്റിസ് ഹേമന്ത് ചന്ദന്‍ഗൗഡറാണ് ഹര്‍ജി പരിഗണിച്ചത്.പ്രധാനമന്ത്രിയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറയുന്നത് അപകീര്‍ത്തികരം മാത്രമല്ല, നിരുത്തരവാദപരവുമാണ്. സര്‍ക്കാര്‍ നയത്തെ ക്രിയാത്മകമായി വിമര്‍ശിക്കുന്നത് അനുവദനീയമാണ്.
എന്നാല്‍ ഭരണഘടനാപദവികള്‍ വഹിക്കുന്നവരെ നയത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ല. മതവിഭാഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട 153 എ വകുപ്പിനെ ഇതുമായി ബന്ധിപ്പിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.2020 ജനുവരി 21 ന്, 4, 5, 6 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരെ നാടകം അവതരിപ്പിച്ചതിന് ശേഷം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രാജ്യദ്രോഹത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ‘നാടകം സ്‌കൂള്‍ കോമ്ബൗണ്ടിനുള്ളിലാണ് കളിച്ചത്. ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനോ പൊതു അസ്വസ്ഥത സൃഷ്ടിക്കുന്നതിനോ കുട്ടികള്‍ ശ്രമിച്ചിട്ടില്ല’ – ഹൈക്കോടതി നിരീക്ഷിച്ചു.
ആലപ്പുഴയില്‍ അപൂര്‍വ രോഗം ബാധിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം
ആലപ്പുഴ: പാണാവള്ളിയില്‍ അപൂര്‍വരോഗം ബാധിച്ച് പതിനഞ്ച് വയസുകാരൻ മരിച്ചു.പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് രോഗം ബാധിച്ചാണ് വിദ്യാര്‍ഥി മരിച്ചത്. ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കിഴക്കെമായിത്തറ അനില്‍കുമാറിന്‍റെ മകൻ ഗുരുദത്ത് ആണ് മരിച്ചത്.ജില്ലയില്‍ രണ്ടാം തവണയാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016ല്‍ ആലപ്പുഴ നഗരസഭ പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌തത്.
പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്‍റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.പനി, തലവേദന, ഛര്‍ദി, അപസ്‌മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മലിന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാല്‍ അത് പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.
കുട്ടി മരിച്ചതായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി: ആലപ്പുഴ ജില്ലയില്‍ അപൂര്‍വ രോഗം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച് കുട്ടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സ്ഥിരീകരിച്ചു. ഇതിന് മുൻപ് അഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ആലപ്പുഴ ജില്ലയില്‍ 2016 ല്‍ ഇതേ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം 2019, 2020, 2022 തുടങ്ങിയ വര്‍ഷങ്ങളിലാണ് ഇതിന് മുൻപ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 100 ശതമാനം മരണസാധ്യതയുള്ള രോഗമാണ്. വളരെ വിരളമായിട്ടാണ് ഇതു കാണപ്പെടുന്നത്.മൂക്കിനുള്ളിലെ നേര്‍ത്ത കുഴിയിലൂടെ അമീബ തലച്ചോറിലേക്ക് പ്രവേശിക്കും. ജൂലൈ ഒന്നിന് തലവേദന കാഴ്‌ച തടസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ കാരണമാണ് കുട്ടി ആശുപത്രിയില്‍ എത്തിയത്.
പരസ്‌പര ബന്ധമില്ലാത്ത പെരുമാറ്റം കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ റെഫര്‍ ചെയ്യുകയായിരുന്നു. പതിനായിരത്തില്‍ ഒരാള്‍ക്ക് വരുന്ന രോഗമാണിത്. മിക്ക കുളങ്ങളിലും ഈ അമീബ കാണപ്പെടുന്നു. എന്നാല്‍ വളരെ വിരളമായിട്ടാണ് ആളുകളുടെ ശരീരത്തില്‍ കയറുന്നത്. ആളുകളില്‍ നിന്നും ആളുകളിലേക്ക് പടരുന്ന സാഹചര്യമില്ല. 2016 മുതല്‍ ആണ് ഇതു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പരിശോധന നടത്തിയപ്പോഴാണ് അഞ്ച് പേര്‍ക്ക് മുൻപ് രോഗം ബാധിച്ചിരുന്നതായി തിരിച്ചറിയുന്നത്. വ്യക്തിയുടെ ശാരീരിക ഘടന കൊണ്ടാകാം ഇതു സംഭവിക്കുന്നത്തെന്നും വീണ ജോര്‍ജ് പറഞ്ഞു.