ബെംഗളൂരു∙ സംസ്ഥാനാന്തര പെർമിറ്റ് ക്ഷാമത്തെ തുടർന്ന് ഉത്സവ സീസണുകളിൽ സ്പെഷൽ ബസുകൾ അനുവദിക്കാൻ കഴിയാതെ കേരള ആർടിസി. താൽക്കാലിക പെർമിറ്റ് ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇത്തവണത്തെ ഓണം യാത്ര ഉൾപ്പെടെ പ്രതിസന്ധിയിലായേക്കും. ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന, 7 വർഷം കാലാവധി കഴിഞ്ഞ കേരള ആർടിസിയുടെ എസി, ഡീലക്സ്, എക്സ്പ്രസ് ബസുകളുടെ പെർമിറ്റിലാണ് കെ സ്വിഫ്റ്റ് ബസുകൾ ഓടുന്നത്.
കേരളവും കർണാടകയും തമ്മിലുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പ്രകാരം ഉത്സവ സീസണുകളിൽ 50 സ്പെഷൽ ബസുകൾ ഓടിക്കാനുള്ള അനുമതിയുണ്ട്. എന്നാൽ കെ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചിട്ടും ആവശ്യത്തിന് ബസുകൾ ഇല്ലാത്തതാണ് കേരള ആർടിസിക്ക് തിരിച്ചടിയാകുന്നത്. കെ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചപ്പോൾ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും പാഴ് വാക്കായിരിക്കുകയാണ്.

കോവിഡിന് ശേഷം ബെംഗളൂരുവിൽ നിന്ന് പ്രതിദിനം 45–50 വരെ സർവീസുകളാണ് കേരള ആർടിസി ഓടിക്കുന്നത്. ഇതിൽ 27–30 സർവീസുകൾ സ്വിഫ്റ്റിലേക്ക് മാറി. അധികം വൈകാതെ 80 ശതമാനം സർവീസുകളും സ്വിഫ്റ്റിലേക്ക് മാറുമെന്നാണ് അധികൃതർ പറയുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനുള്ള വെബ്സൈറ്റും മൊബൈൽ ആപ്പും ഉൾപ്പെടെ കെഎസ്ആർടിസിക്കും സ്വിഫ്റ്റിനും പ്രത്യേകമായാണ് പ്രവർത്തിക്കുന്നത്.
പെരുന്നാൾ കഴിഞ്ഞ് മടങ്ങുന്നവർക്കും ടിക്കറ്റില്ല
ബലിപെരുന്നാൾ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് കൂടുതൽ പേർ മടങ്ങുന്ന ഇന്നും ചുരുക്കം സ്പെഷൽ ബസുകൾ മാത്രമാണ് കേരള ആർടിസി ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്കേറെയുള്ള കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് പകൽ സർവീസുകളിൽ ഉൾപ്പെടെ ടിക്കറ്റുകൾ ബാക്കിയില്ലാതെ വന്നപ്പോഴാണ് അധിക സർവീസുകൾ അനുവദിക്കുന്നതിന് പെർമിറ്റ് ക്ഷാമം തിരിച്ചടിയായത്.
സീറ്റർ കം സ്‌ലീപ്പർ സ്വിഫ്റ്റ് ബസുകൾ വരുന്നു
കേരള ആർടിസി സ്വിഫ്റ്റിന് സീറ്റർ കം സ്‌ലീപ്പർ ബസുകൾ വരുന്നു. ഓണത്തിന് മുൻപ് 2 ബസുകളുടെ സർവീസ് ആരംഭിച്ചേക്കും. ബെംഗളൂരുവിലെ സ്വകാര്യ ബോഡി നിർമാണ യൂണിറ്റിൽ കെഎസ്ആർടിസി ഹൈബ്രിഡ് എന്ന് പേരിട്ടിരിക്കുന്ന ബസിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. താഴെ നിരയിൽ സീറ്റുകളും മുകളിൽ സ്‌ലീപ്പർ ബർത്തോട് കൂടിയ എസി, നോൺ എസി വിഭാഗങ്ങളിലായുള്ള ഓരോ ബസുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. ബസിന്റെ റൂട്ട് തീരുമാനിച്ചിട്ടില്ലെങ്കിലും ബെംഗളൂരുവിനാണ് പ്രഥമ പരിഗണന.
കർണാടക ആർടിസി 48 സ്‌ലീപ്പർ ബസുകൾ വാങ്ങും
കർണാടക ആർടിസിക്ക് 48 സ്‌ലീപ്പർ ബസുകൾ വാങ്ങുന്നതിന് അനുമതി. ഇതിൽ 44 എണ്ണം നോൺ എസിയും 4 എണ്ണം എസിയുമാണ്. കേരള ഉൾപ്പെടെയുള്ള സംസ്ഥാനാന്തര റൂട്ടുകളിലാണ് സ്‌ലീപ്പർ ബസുകൾ ഓടിക്കുക.