ന്യൂഡല്‍ഹി: ഇന്ത്യൻ ഫുട്ബാള്‍ ടീമുമായി സൗഹൃദ മത്സരം കളിക്കാൻ താല്പര്യവുമായി ലോക ചാമ്ബ്യന്മാരായ അര്‍ജന്റീന. ഇക്കാര്യം ഇന്ത്യൻ ഫുട്ബാള്‍ ഫെഡറേഷനെ (എ.ഐ.എഫ്.എഫ്) അറിയിച്ചെങ്കിലും കളിക്കാനില്ലെന്നായിരുന്നു അവരുടെ മറുപടി. വൻ തോല്‍വിയെക്കുറിച്ച ആശങ്കയൊന്നുമായിരുന്നില്ല കാരണം. സൗഹൃദ മത്സരം കളിക്കണമെങ്കില്‍ ഏകദേശം 40കോടി രൂപ അര്‍ജന്റീന ഫുട്ബാള്‍ ഫെഡറേഷന് നല്‍കണം. ഈ തുക കൈയിലില്ലാത്തതുകൊണ്ടാണ് അര്‍ജന്റീനയുടെ ആവശ്യം നിരസിച്ചതെന്ന് എ.ഐ.എഫ്.എഫ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിഹാസതാരം ലയണല്‍ മെസ്സിയും കൂട്ടുകാരും ഇന്ത്യയില്‍ മാറ്റുരക്കുന്ന സ്വപ്നസദൃശമായ മത്സരമാണ് ഇതുവഴി ആരാധകര്‍ക്ക് നഷ്ടമായത്.
ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ ദേശീയ ടീമിനു ലഭിച്ച വൻ ആരാധക പിന്തുണ കൂടി കണക്കിലെടുത്താണ് ഏഷ്യയില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാൻ അര്‍ജന്റീന തീരുമാനിച്ചത്. മെസ്സിയെയും കൂട്ടരെയും അകമഴിഞ്ഞ് പിന്തുണച്ച ഇന്ത്യയിലും ബംഗ്ലദേശിലും സൗഹൃദ മത്സരങ്ങള്‍ കളിക്കാനായിരുന്നു അര്‍ജന്റീനയുടെ താല്പര്യം. അര്‍ജന്റീന ടീമിന്റെ ഇന്റര്‍നാഷനല്‍ റിലേഷൻസ് തലവൻ പാബ്ലോ ജോക്വിൻ ഡയസാണ് എ.ഐ.എഫ്.എഫുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയത്. ലോകകപ്പ് വിജയത്തിനു ശേഷം അര്‍ജന്റീന ടീമിനെ ഒരു രാജ്യത്ത് കളിപ്പിക്കണമെങ്കില്‍ 40-50 ലക്ഷം ഡോളര്‍ (32-40 കോടി രൂപ) മുടക്കേണ്ടതുണ്ട്. ഇന്ത്യക്കും ബംഗ്ലാദേശിനും ഈ ഭാരിച്ച ഫണ്ട് കണ്ടെത്താൻ സാധിക്കാതിരുന്നതോടെ അര്‍ജന്റീന ചൈനയിലേക്കും ഇന്തോനേഷ്യയിലേക്കും പോയി.
ചൈനയില്‍ ആസ്ട്രേലിയക്കെതിരെയാണ് അര്‍ജന്റീന ബീജിങ്ങിലെ വര്‍ക്കേഴ്സ് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയത്. സംഭവബഹുലമായ കരിയറിലെ മെസ്സിയുടെ അതിവേഗ ഗോള്‍ ഉള്‍പ്പെടെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കായിരുന്നു ജയം. പിന്നാലെ തിങ്കളാഴ്ച ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യൻ ടീമുമായും മാറ്റുരച്ചു. മെസ്സി, ഏയ്ഞ്ചല്‍ ഡി മരിയ, നികോളാസ് ഒടാമെൻഡി എന്നിവര്‍ വിട്ടുനിന്ന മത്സരത്തിലും എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ലോക ചാമ്ബ്യന്മാര് ജയിച്ചുകയറിയത്.
സൗഹൃദ മത്സരത്തിനായി അര്‍ജന്റീന ടീം തങ്ങളെ സമീപിച്ചിരുന്നുവെന്ന് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരൻ സ്ഥിരീകരിച്ചു. ‘ഏറെ ചെലവ് വരുമെന്നതിനാലാണ് അതു നടക്കാതെ പോയത്. അങ്ങനെയൊരു മത്സരം നടത്താൻ ഫെഡറേഷന് ശക്തരായ പാര്‍ട്ണറുടെ പിന്തുണ കൂടി വേണമായിരുന്നു. അര്‍ജന്റീന ടീം ആവശ്യപ്പെടുന്ന പണം വളരെ വലുതാണ്. ഇന്ത്യൻ ഫുട്ബാളിലെ സാമ്ബത്തികാവസ്ഥ പരിഗണിക്കുമ്ബോള്‍ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഏറെ പരിമിതികളുണ്ട്.’- ഷാജി പ്രഭാകരൻ വ്യക്തമാക്കി. 2011ല്‍ അര്‍ജന്റീന ടീം ഇന്ത്യയില്‍ കളിക്കാനെത്തിയിരുന്നു. വെനിസ്വേലക്കെതിരെ കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ 85,000 കാണികള്ക്കുമുമ്ബാകെ നടന്ന കളിയില്‍ മെസ്സിയായിരുന്നു നായകൻ. ഏകപക്ഷീയമായ ഗോളിനാണ് അന്ന് അര്‍ജന്റീന ജയിച്ചത്.