ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ട്രോളി ബാഗിലാക്കി യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബെംഗളൂരു നഗരത്തിലാണ് നടുക്കുന്ന സംഭവം. പശ്ചിമബംഗാൾ സ്വദേശിനിയും ഫിസിയോതെറാപ്പിസ്റ്റുമായ സെനാലി സെൻ(39) ആണ് അമ്മയെ കൊന്നശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. യുവതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് യുവതി ട്രോളി ബാഗുമായി ബെംഗളൂരു മൈകോ ലേഔട്ട് പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് താൻ അമ്മയെ കൊന്നതായും മൃതദേഹം ട്രോളിബാഗിലുണ്ടെന്നും വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയും അമ്മയും തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് റിപ്പോർട്ട്. ഉറക്കഗുളിക നൽകി മയക്കിയശേഷമാണ് അമ്മയെ കൊന്നതെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.
ഫിസിയോതെറാപ്പിസ്റ്റായ സെനാലി സെൻ ഭർത്താവിനൊപ്പമാണ് നഗരത്തിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്നത്. സെനാലിയുടെ അമ്മയും ഭർതൃമാതാവും ഇവരോടൊപ്പം അപ്പാർട്ട്മെന്റിലുണ്ടായിരുന്നു. അതേസമയം, കൃത്യം നടന്ന സമയത്ത് ഭർത്താവ് അപ്പാർട്ട്മെന്റിലുണ്ടായിരുന്നില്ല. മറ്റൊരു മുറിയിലായിരുന്ന ഭർതൃമാതാവും സംഭവം അറിഞ്ഞിരുന്നില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചോർ ബസാറിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ വിദേശ യൂട്യൂബറെ കയ്യേറ്റം ചെയ്തു
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ വിദേശ യൂട്യൂബർക്ക് നേരെ ആക്രമണം. വ്ലോഗ് ചെയ്യുന്നതിനിടെ ഡച്ച് യൂട്യൂബറെ വ്യാപാരിയായ ഒരാൾ അസഭ്യം പറയുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു. ഡെച്ചുകാരനായ യൂട്യൂബർ പെട്രോ മോട്ടയ്ക്കാണ് ദുരനുഭവം നേരിട്ടത്. ബെംഗളൂരു നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ചിക്ക്പ്പേട്ടിലെ ചോർ ബസാറിലാണ് സംഭവം. ചോർ ബസാറിലൂടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് മുന്നോട്ടുനീങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി.
തിരക്കേറിയ മാര്‍ക്കറ്റിലൂടെ കടന്നുപോകുമ്പോള്‍ യൂട്യൂബറെ ഒരു വഴിയോരക്കച്ചവടക്കാരന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. യൂട്യൂബര്‍ അയാളോട് ‘നമസ്തേ’ പറഞ്ഞപ്പോള്‍ ‘എന്ത് നമസ്‌തേ? ഇതെന്താണ്?’ – ഇങ്ങനെയാണ് കച്ചവടക്കാരന്‍ യൂട്യൂബറോട് കയര്‍ത്തത്. അതിനു ശേഷം കൈയില്‍ പിടിച്ച് വലിച്ചു. തന്റെ കൈ വിടാന്‍ യൂട്യൂബര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇയാള്‍ ഇത് ചെവികൊണ്ടില്ല. ”സര്‍, ദയവായി എന്റെ കൈ വിടാമോ?” യൂട്യൂബര്‍ അപേക്ഷിച്ചിട്ടും പിടി വിടുന്നില്ലെന്ന് മനസിലാക്കിയ യൂട്യൂബര്‍ ഇയാളുടെ കൈ തട്ടിമാറ്റി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.