ബെംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ 34 മന്ത്രിമാരുള്ളതിൽ ആറുപേരും ബെംഗളൂരുവിൽ നിന്നായത് നഗരവികസനത്തിന് പ്രതീക്ഷ നൽകുന്നു. കെ.ജെ. ജോർജ് (സർവജ്ഞനഗർ), രാമലിംഗ റെഡ്ഡി (ബി.ടി.എം. ലേഔട്ട്), സമീർ അഹമ്മദ് ഖാൻ (ചാമരാജ്‌പേട്ട്്), ദിനേശ് ഗുണ്ടുറാവു (ഗാന്ധി നഗർ), കൃഷ്ണ ബൈരെഗൗഡ (ബ്യാട്ടരായനപുര), ബി.എസ്. സുരേഷ് (ഹെബ്ബാൾ) എന്നിവരാണ് ബെംഗളൂരുവിൽ നിന്നുള്ള മന്ത്രിമാർ. ഇതുകൂടാതെ ബെംഗളൂരു നഗരവികസന ചുമതല ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സേവനം കൂടിയാകുമ്പോൾ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൈവരുമെന്നാണ് പ്രതീക്ഷ.
നഗരത്തിന്റെ സമഗ്രമായ വികസനത്തിന് മന്ത്രിമാർ കൂടുതലുള്ളത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഗതാഗതക്കുരുക്ക്, തടാകങ്ങളുടെ ശോച്യാവസ്ഥ, മഴ പെയ്താലുള്ള വെള്ളപ്പൊക്കം, മാലിന്യപ്രശ്നം തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന പ്രശ്നങ്ങൾ. ബെംഗളൂരുവിൽ നിന്നുള്ള ആറുമന്ത്രിമാർക്കും വേറെ വകുപ്പുകളാണെങ്കിലും ഇവിടത്തെ എം.എൽ.എ.മാരെന്ന നിലയിൽ വികസനകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് ഗുണംചെയ്യും. ബസവരാജ് ബൊമ്മെ സർക്കാരിൽ അഞ്ച് മന്ത്രിമാരാണ് ബെംഗളൂരുവിൽ നിന്നുണ്ടായിരുന്നത്. സി.എൻ. അശ്വത്‌നാരായണ (മല്ലേശ്വരം), ആർ. അശോക (പദ്മനാഭനഗർ), എസ്.ടി. സോമശേഖർ (യശ്വന്തപുര), വി. സോമണ്ണ (ഗോവിന്ദരാജ്‌നഗർ), മുനിരത്‌ന (ആർ.ആർ. നഗർ) എന്നിവരായിരുന്നു ബെംഗളൂരുവിൽ നിന്നുള്ള മന്ത്രിമാർ. പിന്നീട് ബൈരതി ബസവരാജ് (കെ.ആർ. പുരം) മന്ത്രിസഭയിൽ ഇടം നേടിയിരുന്നു.
ഏകവനിതയായി ലക്ഷ്മി ഹെബ്ബാൾക്കർ
സംസ്ഥാനത്തെ 34 അംഗ മന്ത്രിസഭയിൽ ഏക വനിതയായി ബെലഗാവി റൂറൽ എം.എൽ.എ.യായ 47-കാരി ലക്ഷ്മി ഹെബ്ബാൾക്കർ. ലിംഗായത്ത് സമുദായാംഗമായ ലക്ഷ്മി ഹെബ്ബാൾക്കർ മികച്ച ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലെത്തിയത്. ഡി.കെ. ശിവകുമാറിന്റെ അനുയായിയായി അറിയപ്പെടുന്ന ലക്ഷ്മി ഹെബ്ബാൾക്കർ രണ്ടാം തവണയാണ് ബെലഗാവി റൂറലിൽനിന്ന് ജയിക്കുന്നത്.
2013-ൽ മത്സരിച്ചിരുന്നെങ്കിലും ബി.ജെ.പി.യുടെ സഞ്ജയ് പാട്ടീലിനോട് തോറ്റിരുന്നു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെലഗാവിയിൽനിന്ന് മത്സരിച്ചെങ്കിലും തോറ്റു.
2015-ൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്നു. 2018-ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2021 ഡിസംബറിൽ ലക്ഷ്മി ഹെബ്ബാൾക്കറുടെ സഹോദരൻ ചന്നരാജ് ഹട്ടിഹൊളിക്ക് എം.എൽ.സി. സ്ഥാനം ലഭിച്ചിരുന്നു.