ബെംഗളൂരു ∙ ബെംഗളൂരു– ചെന്നൈ എക്സ്പ്രസ് വേ നിർമാണം അടുത്ത വർഷം ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് അധികൃതർ. കർണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലൂടെ 262 കിലോമീറ്റർ ദൂരം കടന്നുപോകുന്ന പാത 16,730 കോടിരൂപ ചെലവഴിച്ചാണ് വികസിപ്പിക്കുന്നത്. ചെന്നൈ തുറമുഖത്തെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന റോഡ് ചരക്കുനീക്കം എളുപ്പമാക്കും. 71 അടിപ്പാതകൾ, 31 വലിയ പാലങ്ങൾ, 25 ചെറുപാലങ്ങൾ, 3 റെയിൽവേ മേൽപാലങ്ങൾ, 6 ടോൾ പ്ലാസകൾ എന്നിവയാണ് പാതയിൽ നിർമിക്കുന്നത്. ബെംഗളൂരു ഗ്രാമജില്ലയിലെ ഹൊസ്കോട്ടെയിൽ നിന്നു തുടങ്ങുന്ന പാത ദൊബാസ്പേട്ട്, കെജിഎഫ്, വെല്ലൂർ, റാണിപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകും.