ബെംഗളൂരു ∙ ബിഎംടിസി ബസ് സർവീസുകൾ ഭാഗികമായതോടെ നഗരത്തിൽ യാത്രാക്ലേശം രൂക്ഷമായി. ഇന്നലെ 40 ശതമാനത്തിൽ താഴെ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. 1,200 ബസുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ബിഎംടിസി വിട്ടുനൽകിയത്. ഇതേ തുടർന്ന് ബസ് കിട്ടാനായി മണിക്കൂറുകളോളമാണ് യാത്രക്കാർ കാത്തുനിന്നത്.
അവസരം മുതലാക്കി ഓട്ടോക്കാർ രണ്ടിരട്ടി വരെ അധിക നിരക്ക് ഈടാക്കിയെന്നും പരാതിയുണ്ട്. കർണാടക ആർടിസി സർവീസുകൾ ഭാഗികമായതോടെ വോട്ട് ചെയ്യാൻ മറ്റു ജില്ലകളിലേക്ക് പോകാനെത്തിയവരും ബുദ്ധിമുട്ടി. 3,700 ബസുകളാണ് കർണാടക ആർടിസി വിട്ടുനൽകിയത്.
വോട്ടു ചെയ്യാനെത്തിയ രണ്ടുപേർ ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു
ബെംഗളൂരു: കർണാടകത്തിൽ പോളിങ് ബൂത്തിൽ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. ബെലഗാവിയിലും ഹാസനിലുമാണ് മരണം. ബെലഗാവിയിലെ സാവദട്ടി മണ്ഡലത്തിൽ വോട്ടുചെയ്യാനെത്തിയ പർവ ഈശ്വർ സിദ്നാൽ (68) പോളിങ് ബൂത്തിൽ വോട്ടുചെയ്യാൻ കാത്തുനിൽക്കുമ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹാസനിലെ ബേലൂർ ചിക്കോലെ സ്വദേശി ജയണ്ണ (49) വോട്ടുചെയ്തശേഷം കുഴഞ്ഞുവീഴുകയായിരുന്നു.