ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം നമ്മ മെട്രോ സർവീസ് സമയം നീട്ടി. ബുധനാഴ്ച മജെസ്റ്റിക് സ്റ്റേഷനിൽനിന്നുള്ള അവസാന മെട്രോ തീവണ്ടി രാത്രി 12.35-നായിരിക്കും. ബൈയപ്പനഹള്ളി, കെങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, കൃഷ്ണരാജപുര, വൈറ്റ്ഫീൽഡ് എന്നീ സ്റ്റേഷനുകളിൽനിന്നുള്ള അവസാന മെട്രോ രാത്രി 12.05-നാകുമെന്നും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. തിരഞ്ഞെടുപ്പു ഡ്യൂട്ടി ആവശ്യങ്ങൾക്കായി കർണാടക ആർ.ടി.സി., ബി.എം.ടി.സി. ബസുകൾ കൂടുതലായി സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് മെട്രോ സർവീസ് സമയം നീട്ടിയത്.
കര്‍ണാടകയുടെ ‘പരമാധികാരം’; സോണിയയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: കര്‍ണാടകയെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇട്ട പോസ്റ്റില്‍ വ്യക്തത വരുത്താനും നടപടികള്‍ സ്വീകരിക്കാനുമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൂടാതെ, തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ച പത്ര പരസ്യത്തില്‍ ബിജെപിക്കും കമ്മീഷന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കര്‍ണാടകത്തെ കുറിച്ചുള്ള സോണിയാ ഗാന്ധിയുടെ പരാമര്‍ശം മെയ് 6 ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ കര്‍ണാടകയുടെ ‘പരമാധികാരം’ പരാമര്‍ശത്തെ കുറിച്ചാണ് നോട്ടീസ്. ഇതുസംബന്ധിച്ച് ബിജെപി നേതാക്കളായ ഭൂപേന്ദര്‍ യാദവ്, ഡോ. ജിതേന്ദ്ര സിംഗ്, തരുണ്‍ ചുഗ്, അനില്‍ ബലൂനി, ഓം പഥക് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
“കര്‍ണാടകയുടെ സല്‍പ്പേരിനോ പരമാധികാരത്തിനോ അഖണ്ഡതയ്ക്കോ ഭീഷണി ഉയര്‍ത്താന്‍ ആരെയും കോണ്‍ഗ്രസ് അനുവദിക്കില്ല” എന്നായിരുന്നു ട്വീറ്റ്.
ഇന്ത്യന്‍ യൂണിയനില്‍ കര്‍ണാടക വളരെ പ്രധാനപ്പെട്ട സംസ്ഥാനമാണെന്നും ഒരു സംസ്ഥാനത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള ഏതൊരു ആഹ്വാനവും വിഭജനത്തിനുള്ള ആഹ്വാനത്തിന് തുല്യമാണെന്നും അത് അപകടകരവും വിനാശകരവുമായ പ്രത്യാഘാതങ്ങള്‍ നിറഞ്ഞതാണെന്നുമാണ് ബിജെപിയുടെ പരാതിയില്‍ പറയുന്നത്.
കൂടാതെ, 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29 എ (5) പ്രകാരം രജിസ്ട്രേഷന് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ നിര്‍ബന്ധിത സത്യവാങ്മൂലത്തിന്റെ ലംഘനമാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ് എന്നും ബിജെപി നല്കിയ പരാതിയില്‍ പറയുന്നു.