കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബെംഗളൂരു നഗരത്തില്‍ 26 കിലോമീറ്റര്‍ ദൂരം നീട്ട പ്രധാനമന്ത്രി നരേന്ദ്രമോദി മെഗാ റോഡ് ഷോ ആരംഭിച്ചു.ബെംഗളൂരു നഗരത്തിന്‍റെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങള്‍ വഴിയാണ് മോദിയുടെ റോഡ് ഷോ നടക്കുന്നത്. ജെ പി നഗറില്‍ നിന്ന് തുടങ്ങി, ജയനഗര്‍ വഴി ഗോവിന്ദരാജനഗര്‍ പിന്നിട്ട് മല്ലേശ്വരം വരെയാണ് മോദി റോഡ് ഷോ നടത്തുന്നത്. ഇവയില്‍ പല മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചവയാണ്. രാവിലെ 10 മണിക്ക് തുടങ്ങി 12.30 വരെയാണ് റോഡ് ഷോ.
റോഡ് ഷോയുടെ ഭാഗമായി നഗരത്തിന്‍റെ പല മേഖലകളിലും കനത്ത ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ എട്ട് തവണയാണ് മോദി കര്‍ണാടകത്തിലെത്തിയത്. പ്രവൃത്തിദിവസമായതിനാല്‍ രാവിലെ ജോലിക്ക് പോകുന്നവരടക്കമുള്ളവര്‍ മെട്രോ പോലുള്ള ഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യം ശനിയാഴ്ച 36 കിലോമീറ്റര്‍ റോഡ് ഷോ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഞായറാഴ്ച നീറ്റ് പരീക്ഷയായതിനാലും ട്രാഫിക് കുരുക്ക് മുന്നില്‍ക്കണ്ടും റോഡ് ഷോ, രണ്ട് ദിവസങ്ങളായി റോഡ് ഷോ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
മെയ് മാസം മാത്രം ഇത് നാലാമത്തെ പ്രചാരണപരിപാടിയാണ്. ഭരണവിരുദ്ധവികാരം ശക്തമായിരിക്കേ, മോദിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി അവസാനലാപ്പിലും ശ്രമിക്കുന്നത്.അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇന്ന് കര്‍ണാടകത്തിലെ വിവിധ ജില്ലകളില്‍ പ്രചാരണത്തിനെത്തും. ഈ മാസം ഇത് നാലാം ദിവസമാണ് രാഹുല്‍ കര്‍ണാടകത്തില്‍ പ്രചാരണത്തിനിറങ്ങുന്നത്.
രാവിലെയും ഉച്ചയ്ക്കുമായി ബെലഗാവിയില്‍ രണ്ട് പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി, വൈകിട്ട് ആറ് മണിക്ക് സോണിയാ ഗാന്ധിക്കൊപ്പം ഹുബ്ബള്ളിയിലെ പ്രചാരണ പരിപാടിയിലും പങ്കെടുക്കും. സീറ്റ് കിട്ടാതെ ബിജെപിയില്‍ നിന്ന് പിണങ്ങിയിറങ്ങിപ്പോയ ജഗദീഷ് ഷെട്ടര്‍ അടക്കമുള്ള നേതാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും