കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പരാമാര്‍ശത്തില്‍ കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നമ്മളൊക്കെ ആര്‍എസ്എസ്സിനെ എതിര്‍ക്കുന്നവരാണെന്നും മുസ്ലീങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരെ മത്സരിച്ച് ബിജെപിയെ വിജയിപ്പിക്കരുതെന്നുമാണ് ഉണ്ണിത്താന് വീഡിയോയില്‍ പറയുന്നത്.
പുറമേക്ക് മതേതരത്വം പറയുന്ന കോണ്‍ഗ്രസ്സിന്റെ പച്ചയായ വര്‍ഗീയ പ്രചാരണമാണ് ഉണ്ണിത്താന്റെ വാക്കുകളില്‍ വ്യക്തമാവുന്നതെന്ന് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. ബജ്രംഗദള് നിരോധിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറഞ്ഞത് വിഡ്ഢിത്തമെന്നും, ആ പ്രസ്താവന ജനങ്ങളെ ക്ഷുഭിതരാക്കിയെന്നും മുതിര്‍ന്ന ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹിജാബ് നിരോധനവും ടിപ്പു സുല്‍ത്താന്‍ വിവാദവും പോലുള്ളവയെ താന്‍ അനുകൂലിക്കുന്നില്ല.
വിവാദമുയര്‍ത്തിയല്ല, വികസനം പറഞ്ഞ് വോട്ട് തേടണമെന്നും, ജഗദീഷ് ഷെട്ടര്‍ വിജയിക്കുന്ന കാര്യം സംശയമാണെന്നും യെദിയൂരപ്പ പറഞ്ഞു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ ശക്തമായ പോരാട്ടം
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ നടക്കുന്നത് ശക്തമായ പോരാട്ടം.ആകെയുള്ള 13 സീറ്റില്‍ 12 എണ്ണവും നിലവില്‍ ബിജെപിയുടെ കൈവശമാണ്. ആറ് സിറ്റിംഗ് എംഎല്‍എമാര്‍ക്കു പകരം പുതുമുഖങ്ങളെ കളത്തിലിറക്കിയെങ്കിലും കഴിഞ്ഞതവണത്തെ വിജയം ആവര്‍ത്തിക്കാനാകുമോ എന്ന കാര്യത്തില്‍ ബിജെപിക്കു സംശയമുണ്ട്.കോണ്‍ഗ്രസിന്റെ യുവസ്ഥാനാര്ഥികളായ മിഥുന് റൈ മൂടബിദ്രിയിലും രക്ഷിത് ശിവറാം ബെല്‍ത്തങ്ങാടിയിലും ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.
ബിജെപിയില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എമാരായ ഉമാനാഥ് കോട്ടിയാനും ഹരീഷ് പൂഞ്ജയുമാണ് എതിരാളികള്‍. കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറിന്റെ അടുപ്പക്കാരനായ മിഥുന് റൈ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മംഗളൂരുവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കടീലിന് എതിരെ മികച്ച പ്രകടനം നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ഒരേയൊരു സിറ്റിംഗ് സീറ്റായ മംഗളൂരുവില്‍ മുന്‍ മന്ത്രി യു.ടി.ഖാദറും ബിജെപിയിലെ സതീഷ് കുമ്ബളയും തമ്മിലുള്ള മത്സരത്തിനിടയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകും.
ബണ്ട്വാളില്‍ കോണ്‍ഗ്രസിലെ മുന്‍ മന്ത്രി ബി.രമാനാഥ് റൈയും സിറ്റിംഗ് എംഎല്‍എ ബിജെപിയിലെ രാജേഷ് നായക്കും മംഗളൂരു സിറ്റി സൗത്തില്‍ സിറ്റിംഗ് എംഎല്‍എ ബിജെപിയിലെ വേദവ്യാസ കാമത്തും മുന്‍ എംഎല്‍എ കോണ്‍ഗ്രസിലെ ജെ.ആര്.ലോബോയും വീണ്ടും ഏറ്റുമുട്ടുന്നു.മംഗളൂരു സിറ്റി നോര്‍ത്തില്‍ സിറ്റിംഗ് എംഎല്‍എ ബിജെപിയിലെ ഭരത് ഷെട്ടിക്കെതിരെ പുതുമുഖമായ ഇനായത്ത് അലിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇവിടെ കഴിഞ്ഞതവണ പരാജയപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മൊഹിയുദ്ദീന്‍ ബാവ ജനതാദള്‍-എസ് ടിക്കറ്റില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയാകും.
മുതിര്‍ന്ന നേതാവും നിലവിലെ മന്ത്രിയുമായ എസ്.അംഗാരയ്ക്ക് ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തുടക്കത്തില്‍ പ്രശ്നങ്ങളുണ്ടായ സുള്ള്യയില്‍ പാര്‍ട്ടിയുടെ പുതുമുഖ വനിതാ സ്ഥാനാര്‍ഥി ഭാഗീരഥി മുരുലിയ പ്രചാരണത്തില്‍ സജീവമായിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജി.കൃഷ്ണപ്പയ്ക്കെതിരെയും പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. തൊട്ടടുത്ത പുത്തൂരില്‍ പുതുമുഖങ്ങളായ ബിജെപിയുടെ ആശ തിമ്മപ്പയും കോണ്‍ഗ്രസിലെ അശോക് കുമാര്‍ റൈയും തമ്മിലാണ് മത്സരം.വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനത്തിനായി മുന്നിട്ടിറങ്ങിയ ഒബിസി മോര്‍ച്ച നേതാവ് യശ്പാല്‍ സുവര്‍ണയാണ് ഉഡുപ്പിയില്‍ ബിജെപി സ്ഥാനാര്‍ഥി.
സിറ്റിംഗ് എംഎല്‍എ രഘുപതി ഭട്ടിനെ മാറ്റിയത് ഇവിടെയും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രസാദ് രാജ് കാഞ്ചനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കൗപ്പില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിനയ് കുമാര്‍ സൊറാകെയും ബിജെപിയിലെ പുതുമുഖം സുരേഷ് ഷെട്ടിയും തമ്മിലാണ് മത്സരം. ബിജെപി നേതാവും മന്ത്രിയുമായ വി.സുനില്‍കുമാര്‍ വീണ്ടും മത്സരിക്കുന്ന കാര്‍ക്കളയില്‍ ഉദയ് ഷെട്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബൈന്ദൂരില്‍ സിറ്റിംഗ് എംഎല്‍എ സുകുമാര്‍ ഷെട്ടിയെ മാറ്റി പുതുമുഖമായ ഗുരുരാജ് ഗണ്ടിഹോളെയാണ് ബിജെപി സ്ഥാനാര്‍ഥി.
കോണ്‍ഗ്രസ് മുന്‍ എംഎല്‍എ കെ.ഗോപാല പൂജാരിയെ വീണ്ടും മത്സരിപ്പിക്കുന്നു. കുന്ദാപുരത്ത് ബിജെപിയിലെ കിരണ്‍ കുമാര്‍ കോട്ഗിയും കോണ്‍ഗ്രസിലെ ദിനേഷ് ഹെഗ്ഡെയും തമ്മില്‍ മത്സരിക്കുന്നു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന മറ്റൊരു ജില്ലയായ കൂര്‍ഗിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. മടിക്കേരി, വിരാജ്പേട്ട് മണ്ഡലങ്ങളില്‍ ബിജെപിയിലെ സിറ്റിംഗ് എംഎല്‍എമാരായ അപ്പാച്ചു രഞ്ജനും കെ.ജി.ബൊപ്പയ്യയ്ക്കുമെതിരെ ഡോ.മന്ദാര് ഗൗഡയും എ.എസ്.പൊന്നണ്ണയുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.