ബെംഗളൂരു:നഗരത്തിലെ കോളേജുകളിൽ പ്രവേശനം വാഗ്ദാനം ചെയ്ത് മലയാളി വിദ്യാർഥികളുടെ പേരിൽ വായ്പയെടുത്ത് തട്ടിപ്പുനടത്തിയെന്ന പരാതിയിൽ മലയാളികളുടെ ട്രസ്റ്റിന്റെ പേരിൽ കേസെടുത്തു. ബെംഗളൂരു ഹെഗ്ഡെ നഗറിലെ ദേവാമൃത് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ ഗൗരിശങ്കർ, ശ്യാം, ലിജു ജേക്കബ് ജോൺ, അമോൾ, ജോമോൾ ജോസ്, നിഷ അനിൽ എന്നിവരുടെപേരിലാണ് കൊത്തന്നൂർ പോലീസ് കേസെടുത്തത്.
നഗരത്തിലെ സ്വകാര്യ കോളേജിൽ പ്രവേശനം വാഗ്ദാനം ചെയ്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരിൽ വായ്പയെടുത്ത് കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാഭ്യാസ വായ്പ സംഘടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത ട്രസ്റ്റ് വ്യക്തിഗത വായ്പകളാണ് എടുത്തത്. തുടർന്ന്, ഹെഗ്ഡെ നഗറിലെ ഒരു സ്വകാര്യ കോളേജിൽ പ്രവേശനം ശരിയായെന്നും ഫീസ് അടച്ചിട്ടുണ്ടെന്നും വിദ്യാർഥികളെയും രക്ഷിതാക്കളെയും അറിയിച്ചു. തുടർന്ന്, വിദ്യാർഥികൾ കോളേജിലെത്തിയെങ്കിലും കാര്യമായ ക്ലാസുകളൊന്നും നടന്നില്ല. ഇതിനിടെ ഫീസടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോളേജ് അധികൃതർ ക്ലാസിൽനിന്ന് ഇറക്കിവിട്ടതോടെയാണ് വിദ്യാർഥികൾ തട്ടിപ്പിനെക്കുറിച്ച് മനസ്സിലാക്കുന്നത്.
തങ്ങളുടെ പേരിൽ വായ്പയെടുത്തെങ്കിലും ഇത് കോളേജിൽ അടച്ചില്ലെന്ന് വ്യക്തമായയോടെ വിദ്യാർഥികൾ ട്രസ്റ്റിനെ സമീപിച്ചു. എന്നാൽ, കാര്യമായ വിശദീകരണങ്ങളൊന്നും ലഭിച്ചില്ല. തുടർന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും പോലീസിനെ സമീപിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 220-ഓളം വിദ്യാർഥികൾ തട്ടിപ്പിനിരയായതാണ് വിവരം.
ബി.എസ്സി. നഴ്സിങ്, ജനറൽ നഴ്സിങ്, ലാബ് ടെക്നീഷ്യൻ, ഏവിയേഷൻ കോഴ്സുകൾക്ക് പ്രവേശനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. ബെംഗളൂരു കേരളസമാജം ഉൾപ്പെടെയുള്ള സംഘടനകളും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.
മോദി സ്വന്തം ദുരിതം പറയുന്ന പ്രധാനമന്ത്രിയെന്ന് പ്രിയങ്ക
ബെംഗളൂരു∙ ജനങ്ങളുടെ ദുരിതങ്ങൾ കേൾക്കുന്നതിനു പകരം തന്റെ വേദനകൾ അവരോട് പറയുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഇന്ദിര ഗാന്ധി മുതൽ മൻമോഹൻ സിങ് വരെ ഒട്ടേറെ പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ ദുരിതങ്ങളെക്കാൾ തന്റെ വേദനയ്ക്കു പ്രാധാന്യം നൽകുന്നതു മോദി മാത്രമാണ്. അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2,000 രൂപ നൽകുന്നതടക്കം കോൺഗ്രസ് പ്രഖ്യാപിച്ച മുഴുവൻ വാഗ്ദാനങ്ങളും നടപ്പാക്കും.
മുൻ കോൺഗ്രസ് സർക്കാരിന്റെ ജനപ്രിയപദ്ധതികൾ തിരിച്ചുകൊണ്ടുവരികയും സർക്കാർ ജോലികളിലെ 2.5 ലക്ഷം ഒഴിവുകൾ നികത്തുകയും ചെയ്യുമെന്ന് ബെള്ളാരിയിലെ കുഡ്ലിഗിയിൽ കോൺഗ്രസ് സ്ഥാനാർഥി കുസുമവതി ശീവല്ലിയുടെ റോഡ് ഷോയിൽ സംസാരിക്കവേ പ്രിയങ്ക പറഞ്ഞു. അഴിമതി നടത്തുന്നവർക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുകയും അല്ലാത്തവർക്കു നിഷേധിക്കുകയും ചെയ്യുന്ന നയമാണ് സംസ്ഥാനത്തു ബിജെപി നടപ്പിലാക്കിയതെന്നും പ്രിയങ്ക ആരോപിച്ചു.