Home Featured തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യണം; ബോൺവിറ്റയോട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യണം; ബോൺവിറ്റയോട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ

by admin

ദില്ലി: ഉൽപ്പന്നത്തിലെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗും ലേബലുകളും പരസ്യങ്ങളും പിൻവലിക്കാൻ ബോൺവിറ്റ നിർമ്മാണ കമ്പനിയോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. ബോൺവിറ്റ നിർമ്മിക്കുന്ന മൊണ്ടെലെസ് ഇന്റർനാഷണൽ ഇന്ത്യയോട് മുഴുവൻ പരസ്യങ്ങളും പാക്കേജിംഗും ലേബലുകളും പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

മൊണ്ടെലെസ് ഇന്റർനാഷണൽ ഇന്ത്യയുടെ പ്രസിഡന്റിന് അയച്ച കത്തിൽ, ഒരു ഹെൽത്ത് പൗഡർ അല്ലെങ്കിൽ ഹെൽത്ത് ഡ്രിങ്ക് ആയി സ്വയം പ്രചരിപ്പിക്കുന്ന ബോൺവിറ്റയിൽ ഉയർന്ന ശതമാനം പഞ്ചസാരയും മറ്റ് അനാരോഗ്യ പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പരാതി ലഭിച്ചതായി എൻസിപിസിആർ അറിയിച്ചു. കുട്ടികളുടെ ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കുന്നുവെന്നും പരാതിയുണ്ടെന്നാണ് റിപ്പോർട്ട്. 

കമ്പനി നിർമ്മിക്കുന്ന ഉൽപ്പന്നം അതിന്റെ ഉൽപ്പന്ന പാക്കേജിംഗിലൂടെയും പരസ്യങ്ങളിലൂടെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കമ്മീഷൻ കണ്ടെത്തിയതായാണ് റിപ്പോർട്ട്. കൂടാതെ, ഉൽപ്പന്നത്തിന്റെ ലേബലിലും പാക്കേജിങിലും ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നും കമ്മീഷൻ  വ്യക്തമാക്കുന്നു. 

എഫ്എസ്എസ്എഐയുടെയും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഉത്പന്നത്തെ കുറിച്ചുള്ള വിവരങ്ങൾ  പ്രദർശിപ്പിക്കുന്നതിൽ ബോൺവിറ്റ  പരാജയപ്പെടുന്നതായി കമ്മീഷൻ പറയുന്നു. 

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ (ലേബലിംഗും ഡിസ്‌പ്ലേയും) സംബന്ധിച്ച് എഫ്എസ്എസ്എഐ പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം ഉൽപ്പന്നം തയ്യാറാക്കുന്ന രീതി സംബന്ധിച്ച നിയമങ്ങൾ പ്രഥമദൃഷ്ട്യാ കമ്പനി പാലിക്കുന്നില്ലെന്ന് കമ്മീഷൻ പറഞ്ഞു. ഉപഭോക്തൃ സംരക്ഷണ നിയമം 2019 ന്റെ ലംഘനമാണ് ഇതെന്ന് കമ്മീഷൻ പറഞ്ഞു. അതിനാൽ, തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും പാക്കേജിംഗും ലേബലുകളും അവലോകനം ചെയ്യാനും പിൻവലിക്കാനും കമ്മീഷൻ ആവശ്യപ്പെടുന്നതായി കമ്പനിക്ക് അയച്ച കത്തിൽ പറയുന്നു. കൂടാതെ ഈ കത്ത് നൽകിയ തീയതി മുതൽ ഏഴ് ദിവസത്തിനുള്ളിൽ പ്രസ്തുത വിഷയത്തിൽ  വിശദീകരണമോ റിപ്പോർട്ടോ അയക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ), സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ചീഫ് കമ്മീഷണർ എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്നും കമ്മീഷൻ കമ്പനിയെ അറിയിച്ചു.

ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരിയുടെ മരണം; അന്വേഷണവുമായി സഹകരിക്കുമെന്ന് ഷവോമി ഇന്ത്യ

തൃശൂർ : തിരുവില്വാമലയിൽ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഷവോമി ഇന്ത്യ. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മൊബൈൽ കമ്പനി അറിയിച്ചു. കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷവോമി ഇന്ത്യ പ്രതികരിച്ചു. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌.

മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ്  അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ ആദിത്യശ്രീ. പിതാവ്‌ അശോക്‌ കുമാർ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. ഇനിയൊരാൾക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്ന് കുട്ടിയുടെ അച്ഛൻ അശോക് കുമാർ ആവശ്യപ്പെട്ടു. 

2017 ൽ പാലക്കാട് ചെന്നെ മൊബൈൽസിൽ നിന്ന് സഹോദരൻ വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. ഈ ഫോൺ 2021 ൽ ബാറ്ററി മാറാൻ പാലക്കാട്ടെ റെഡ്മി/എംഐ സർവ്വീസ് സെന്ററിൽ നൽകുകയും ചെയ്തു. ഒരു മാസത്തിന് ശേഷമാണ് തിരികെ കിട്ടിയത്. കമ്പനി ബാറ്ററിയെന്നു പറഞ്ഞാണ് മാറി നൽകിയതെന്നും അശോക് കുമാർ പറഞ്ഞു. 

റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്ന് തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 

You may also like

error: Content is protected !!
Join Our WhatsApp Group