ബെംഗളൂരു: ബെംഗളൂരുവിലെ ബസവപുര ഗേറ്റിനുസമീപം ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന് തീപിടിച്ചു. എൻജിൻ ഭാഗത്തുനിന്ന് തീയുയർന്നതോടെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. തീപ്പിടിത്തത്തിൽ ആർക്കും പരിക്കില്ല. മജെസ്റ്റിക് ബസ് സ്റ്റാൻഡിൽനിന്ന് ജിഗനിയിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ഈസമയം ഒട്ടേറെപ്പേർ ബസിലുണ്ടായിരുന്നു. തീയുയർന്നതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദേശിക്കുകയായിരുന്നു.
തുടർന്ന്, ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമവും തുടങ്ങി. ജിഗനിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ പൂർണമായും അണച്ചത്. അതേസമയം, ബസിന് കാര്യമായ കേടുപാടുണ്ടായിട്ടില്ലെന്നും ബസ് ജിഗനി ഡിപ്പോയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ ബി.എം.ടി.സി. അന്വേഷണം തുടങ്ങി.
തിരുവില്വാമലയിൽ പൊട്ടിത്തെറിച്ചത് റെഡ്മി 5 പ്രോ മൊബൈൽ
തൃശ്ശൂർ: തിരുവില്വാമലയിൽ എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തൽ. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറൻസിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു.