തൃശൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു. തൃശൂര്‍ തിരുവില്വാമല പട്ടിപ്പറമ്ബ് കുന്നത്ത് അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ പത്തരയ്ക്കാണ് അപകടമുണ്ടായത്. വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
കുട്ടി തല്‍ക്ഷണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകളാണ് മരിച്ച ആദിത്യശ്രീ. തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
വോട്ടിന് നല്കിയ കുക്കര്‍ പൊട്ടിത്തെറിച്ചു; ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ കേസ്
ബംഗളൂരു: വോട്ടു പിടിക്കാന്‍ വിതരണം ചെയ്ത പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചതോടെ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ കേസ്.
ഹാസന് ബേലൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി എച്ച്.കെ. സുരേഷിനെതിരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് കേസെടുത്തത്. 21 പ്രഷര്‍ കുക്കറുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. മണ്ഡലത്തിലെ സന്യാസിഹള്ളിയിലെ വീട്ടമ്മയായ ശേഷമ്മക്ക് ലഭിച്ച കുക്കറാണ് പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞ് തെരഞ്ഞെടുപ്പ് സ്ക്വാഡ് എത്തിയതോടെ സമീപവാസികള്‍ തങ്ങള്‍ക്ക് ലഭിച്ച കുക്കറുകളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. എച്ച്.കെ. സുരേഷിന്റെയും ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെയും പേരില്‍ മഹാശിവരാത്രി, ഉഗാദി ആഘോഷ ആശംസ നേര്‍ന്ന് പ്രിന്റ് ചെയ്ത കവറിലായിരുന്നു കുക്കറുകള്‍ സമ്മാനിച്ചത്. സമ്മാനം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തത്.