ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം 25 മണ്ഡലങ്ങളില്‍ മത്സരിക്കും. നിലവില്‍ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാദള്‍ എസുമായി സഖ്യത്തിന് ശ്രമം നടക്കുന്നുണ്ടെന്നും ഇതുവരെ അവരുടെ മറുപടി ലഭിച്ചിട്ടില്ലെന്നും സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പാര്‍ട്ടി ഉറപ്പായും മത്സരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഉസ്മാന് ഗനി പറഞ്ഞു.
2018ലെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം മത്സരിക്കാതെ ജെ.ഡി.എസിന് പിന്തുണ നല്‍കുകയായിരുന്നു. ബിദര്‍, റായ്ചൂര്, കല്‍ബുറഗി തുടങ്ങിയ മുസ് ലിം വോട്ടുകള്‍ നിര്‍ണായകമായ ഇടങ്ങളിലാണ് എ.ഐ.എം.ഐ.എം സാന്നിധ്യമുള്ളത്. കോണ്‍ഗ്രസ് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇതിനാല്‍ അവരുമായി സഖ്യമുണ്ടാകില്ലെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയും പറഞ്ഞു.
മുസ്ലിംകള്ക്കുള്ള നാല് ശതമാനം സംവരണം റദ്ദാക്കിയ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനം പൂര്‍ണമായും നിയമവിരുദ്ധമാണ്. എന്നാല്‍ ഇതില്‍ പ്രധാന മതേതര പാര്‍ട്ടികളെന്ന് അവകാശപ്പെടുന്നവരൊന്നും പ്രതികരിച്ചില്ല. എ.ഐ.എം.ഐ.എം മത്സരിക്കുന്നതോടെ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കില്ലേ എന്ന ചോദ്യത്തിന് ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളുടെ നേതാക്കളോട് എന്താണ് ഇത് ചോദിക്കാത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്. ഇത് മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചതിന്റെ ഫലമാണോ എന്നും ഉവൈസി ചോദിച്ചു.