യാത്രകള്‍, ആസൂത്രണം ചെയ്ത് പോകുന്നതാണ് എപ്പോഴും നല്ലത്. എന്നാല്‍ തിരക്കും മടിയും ഒക്കെ കാരണം പലപ്പോഴും അത് പലര്‍ക്കും സാധിക്കാറില്ല. ഈ വരാന്ത്യത്തിലാണെങ്കില് ദുഃഖവെള്ളിയുടെ ഒരു അവധി കൂടി വരുന്നുണ്ട്. അടുത്ത വെള്ളിയാഴ്ചയും വിഷുവിന്റെ അവധിയും വരുന്നുണ്ട്. അപ്പോള്‍, ബെംഗളൂരു മല്ലൂസ്.. മൂന്ന് ദിവസത്തെ വാരാന്ത്യ അവധിക്ക് എവിടേക്ക് പോകണമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍, വിഷമിക്കേണ്ട. ഈ വരാന്ത്യത്തിലെ ദുഃഖവെള്ളി അവധി മുതലെടുത്ത് കറങ്ങാന്‍ പറ്റിയ ഇടങ്ങളെക്കുറിച്ച് (Weekend Getaways from Bangalore) വിശദമാക്കി തരാന്നേ.
സ്കന്ദഗിരി
ഈ വാരാന്ത്യത്തില്‍, അഡ്രിനാലിന്‍ റഷ് ചെയ്യിപ്പിക്കുന്ന എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്കന്ദഗിരി സണ്‍റൈസ് ട്രെക്ക് പരീക്ഷിക്കാവുന്നതാണ്. ബെംഗളൂരുവില്‍ നിന്ന് 60 കി.മീ അകലെയുള്ള സ്കന്ദഗിരി, സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1,450 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. കലവറ ദുര്‍ഗ്ഗ എന്നും അറിയപ്പെടുന്ന ഈ കുന്ന്, പ്രകൃതിയുടെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു.
സ്കന്ദഗിരിയിലെ സൂര്യോദയം കാണാനുള്ള ട്രെക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ്. മൂടല്‍മഞ്ഞ് നിറഞ്ഞ പര്‍വ്വതങ്ങളില്‍ സൂര്യന്റെ ആദ്യ കിരണങ്ങള്‍ പതിക്കുന്നത് ഗംഭീരമായ ഒരു കാഴ്ചയാണ്. പ്രദേശത്ത് മനോഹരമമായ അനുഭവങ്ങള്‍ സമ്മനാനിക്കുന്ന റിസോര്‍ട്ടുകളുമുണ്ട്.
ശിവനസമുദ്ര വെള്ളച്ചാട്ടം
വാരാന്ത്യ വിശ്രമത്തിനായി നിങ്ങള്‍ക്ക് ബെംഗളൂരുവില്‍ നിന്ന് 135 കി.മീ അകലെയുള്ള ശിവനസമുദ്ര വെള്ളച്ചാട്ടത്തിന്റെ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാം. ശിവനസമുദ്രയില്‍, ഗഗനചുക്കിയെന്നും ഭരചുക്കിയെന്നും പേരുള്ള രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്. സമൃദ്ധമായ സസ്യജാലങ്ങള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതിയുമായി ചേര്‍ന്ന് നില്ക്കാന് കഴിയുന്ന ഒരുയിടമാണ്.
പ്രകൃതി സ്നേഹികള്‍ക്ക് തീര്‍ച്ചയായും ആവേശകരമായ ഒരു വെള്ളച്ചാട്ടമാണിത്. കൂടാതെ, ഇരട്ട കാസ്കേഡുകള്‍ കാരണം ഇവിടെയുള്ള സുഖകരമായ അന്തരീക്ഷത്തില്‍ കുറച്ചേറേ സമയം ചെലവഴിക്കാനും സാധിക്കും. പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുന്ന ക്യാമ്പുകളും ഹോം സ്റ്റേകളും റിസോര്‍ട്ടുകളും ഈ പരിസരത്ത് ലഭ്യമാണ്.
അന്തര്‍ഗംഗേ
ബെംഗളൂരുവില്‍ നിന്ന് വാരാന്ത്യത്തില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന രസകരമായ സ്ഥലമാണ് അന്തര്‍ഗംഗേ. കോലാര്‍ ജില്ലയില്‍ ശതശൃംഗ പര്‍വതനിരയില്‍ സ്ഥിതി ചെയ്യുന്ന ഒരു പര്‍വതമാണ് അന്തര്‍ഗംഗേ. ബെംഗളൂരുവില്‍ നിന്ന് 67 കി.മീ അകലെയുള്ള ഈ പ്രദേശം പ്രകൃതിസ്നേഹികള്‍ക്കും ട്രെക്കിംഗ് പ്രേമികള്‍ക്കും പറ്റിയൊരുയിടമാണ്. ഗംഭീരമായ ഗുഹകള്‍ക്ക് പേരുകേട്ടതാണ് ഈ പ്രദേശം.
ആവേശകരമായ ക്യാമ്പിംഗിനും സൂര്യോദയ കാഴ്ചകള്‍ക്കുമായി അന്തര്‍ഗംഗ സന്ദര്‍ശിക്കാം. യാത്രയില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊന്ന് പ്രശസ്തമായ അന്തര്‍ഗംഗേ ക്ഷേത്രമാണ്. മലനിരകളുടെയും കോലാര്‍ ഭൂപ്രകൃതിയും ആസ്വദിക്കാന്‍ സാധിക്കുന്ന താമസയിടങ്ങള്‍ ഇവിടെ ലഭ്യമാണ്.
സാവന്‍ദുര്‍ഗ
ബെംഗളൂരുവില്‍ നിന്ന് ഏകദേശം 50 കി.മീ അകലെയുള്ള സാവന്‍ദുര്‍ഗ ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ രൂപീകരണ പ്രദേശമാണ്. ഏകദേശം 1,226 മീറ്റര്‍ ഉയരത്തിലുള്ള ഈ പാറക്കെട്ടിന്റെ മുകളിലേക്കുള്ള ട്രെക്കിംഗ് ആവേശകരമാണ്. മുകളില്‍ നിന്നുള്ള പ്രദേശത്തിന്റെ അതിമനോഹരമായ പനോരമിക് കാഴ്ചകള്‍ നിങ്ങളുടെ മനംകവരും.
ബെംഗളൂരുവില്‍ നിന്ന് ഒരു വാരാന്ത്യ അവധിക്കാലം ആഘോഷിക്കാന്‍ മികച്ചൊരുയിടമാണ് സാവന്‍ദുര്‍ഗ. സാവന്‍ദുര്‍ഗ്ഗയുടെ താഴ്വാരത്ത് റിസോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ള താമസയിടങ്ങളുണ്ട്.
ഹൊഗനക്കല്‍ വെള്ളച്ചാട്ടം
തമിഴ്നാട്ടിലെ ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തിലേക്ക് ബെംഗളൂരുവില്‍ നിന്ന് ഏകദേശം 125 കിലോമീറ്റര്‍ മാത്രമെ ദൂരമെയുള്ളൂ. കാവേരി നദിയിലെ ഹൊഗനക്കല്‍ വെള്ളച്ചാട്ടം അതിഗംഭീരമായ ഒരു അനുഭവമായിരിക്കും. ബജറ്റ് ഫ്രണ്ട്ലിയായിട്ടുള്ള യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമാണിവിടം. വെള്ളച്ചാട്ടങ്ങളും കൊട്ടവഞ്ചിയാത്രകളും ഒക്കെയായി ആവേശകരമായിരിക്കും ഈ യാത്ര
മലകളാലും പാറക്കെട്ടുകളാലും ചുറ്റപ്പെട്ട, ഈ പ്രദേശം ഹൃദയം കവരുന്ന അനുഭൂതിയായിരിക്കും സമ്മാനിക്കുക. കുതിച്ചെത്തുന്ന കാവേരി നദി പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുന്ന കാഴ്ച അനുഭവിച്ച് തന്നെയറിയണം. കൂടാതെ റിസോര്‍ട്ടുകളും സ്പാകളും മസാജ് സെന്ററുകളുമൊക്കെയായി വാരാന്ത്യം തകര്‍ത്ത് മറിയാവുന്ന ഒരുയിടമാണ് ഹൊഗനക്കല്‍.