ദില്ലി: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്സിന് പിഴ ശിക്ഷ. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റേതാണ് തീരുമാനം. നാല് കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്സ് പിഴ അടയ്ക്കേണ്ടത്. മോശം പെരുമാറ്റത്തിന് പരസ്യമായി ക്ഷമാപണവും നടത്തണം. ക്ഷമാപണം നടത്താത്ത പക്ഷം പിഴ 6 കോടി രൂപയാകും.
സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ കളിക്കാരെ തിരിച്ച് വിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിന് വിലക്കും പിഴയുമാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയുടെ ശിക്ഷ. 10 മത്സരങ്ങളിലാണ് കോച്ചിന് വിലക്ക് ഒപ്പം 5 ലക്ഷം പിഴയുമൊടുക്കണം. പരിശീലകനും പരസ്യമായി മാപ്പ് പറയണം. ക്ഷമാപണം നടത്തിയില്ലെങ്കില്‍ പിഴ പത്ത് ലക്ഷം രൂപയാകും. പത്ത് ദിവസത്തിനുള്ളില്‍ പിഴ ഒടുക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
നേരത്തെ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാകന്‍ 15 മിനുറ്റ് ശേഷിക്കേ എന്തിനാണ് താരങ്ങളേയും കൂട്ടി കളിക്കളം വിട്ടതെന്ന എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ നോട്ടീസിന് ഇവാന്‍ വുകോമനോവിച്ച് മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ സീസണിലുള്‍പ്പടെയുണ്ടായ വിവാദ റഫറി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക് എന്നാണ് ഇവാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിക്ക് നല്‍കിയ വിശദീകരണം.
ബെംഗളൂരു എഫ്സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം നേരത്തെ എഐഎഫ്എഫ് തള്ളിക്കളഞ്ഞിരുന്നു. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോകുന്നത്. മാര്‍ച്ച് 3ന് ബെംഗലുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു ഛേത്രിയുടെ വിവാദ ഫ്രീകിക്കും പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ താരങ്ങളുമായി കളം വിട്ടതും.
എങ്കിലും ചന്ദ്രികേ ഒടിടിയില്‍
സുരാജ് വെഞ്ഞാറമ്മൂട്, നിരഞ്ജന അനൂപ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം എങ്കിലും ചന്ദ്രികേ ഒടിടി സ്ട്രീമിങ് തുടങ്ങി. ആമസോണ്‍ പ്രൈം വീഡിയോസ്, മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. മനോരമ മാക്സില്‍ ചിത്രം സ്ട്രീമിങ് തുടങ്ങി. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.
ഒരു വിവാഹവും തുടര്‍ന്നുള്ള ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നായികാ കഥാപാത്രമായ ചന്ദ്രികയെ അവതരിപ്പിച്ചിരിക്കുന്നത് നിരഞ്ജനാ അനൂപാണ്. തന്‍വി റാമും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിനായക് ശശികുമാര്‍, മനു മഞ്ജിത്ത് എന്നിവര്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. ഇഫ്തിയാണ് സംഗീത സംവിധായകന്‍. ജിതിന്‍ സ്റ്റാന്‍സിലോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലിജോ പോള്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണിത്.
കലാസംവിധാനം- ത്യാഗു, മേക്കപ്പ്- സുധി, കോസ്റ്റ്യൂം ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കെ.എം. നാസര്‍, പ്രൊഡക്ഷന്‍ മാനേജര്‍- കല്ലാര്‍ അനില്‍, പ്രൊഡക്ഷന്‍ എക്സിക്യട്ടീവ്- ഷിബു പന്തലക്കോട്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി. സുശീലന്‍, കോ-പ്രൊഡ്യൂസര്‍ ആന്‍ അഗസ്റ്റിന്‍, വിവേക് തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, സ്റ്റില്‍സ്- വിഷ്ണു രാജന്‍, പിആര്‍ഒ- വാഴൂര്‍ ജോസ്.