മംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വീട്ടില്‍ വിരുന്നൊരുക്കി മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ ബി.എസ്. യെദ്യൂരപ്പ. യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയെ മുന്നില്‍ നിറുത്തിയത് വലിയ ചര്‍ച്ചയായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷായ്ക്ക് പ്രഭാത ഭക്ഷണം യെദ്യൂരപ്പയുടെ വസതിയിലായിരുന്നു.
യെദ്യൂരപ്പയും മകന്‍ വിജയേന്ദ്രയും പൂച്ചെണ്ട് നല്‍കി ഷായെ സ്വീകരിച്ചു. വിജയേന്ദ്രയ്ക്ക് പൂച്ചെണ്ട് കൈമാറാനുള്ള ഷായുടെ ആവശ്യ പ്രകാരം യെദ്യൂരപ്പ പൂച്ചെണ്ട് മകന് നല്‍കി, തുടര്‍ന്ന് വിജയേന്ദ്ര പൂച്ചെണ്ട് അമിത് ഷായ്ക്ക് സമ്മാനിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ പെണ്‍മക്കള്‍ക്കൊപ്പം വിജയേന്ദ്ര, ഷായ്ക്ക് ഭക്ഷണം വിളമ്ബുന്ന ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി.
അമിത് ഷാ എത്തിയതില്‍ സന്തോഷമുണ്ടെന്ന് വിജയേന്ദ്ര പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ തൂക്കുസഭയ്ക്ക് സാദ്ധ്യതയില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞെന്നും പറഞ്ഞു.
അതേസമയം, അമിത് ഷായുമായി പ്രത്യേക ചര്‍ച്ച നടന്നില്ലെന്നും രാഷ്ട്രീയം ഒഴികെയുള്ള കാര്യങ്ങള്‍ സംസാരിച്ചെന്നും വിജയേന്ദ്ര പറഞ്ഞു. വരുണ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിന് തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നായിരുന്നു മറുപടി. ശിക്കാരിപുര നിയോജക മണ്ഡലത്തില്‍ ഒരു തവണ പര്യടനം നടത്തി.
അവിടെ വീണ്ടും പര്യടനം നടത്തുമെന്നും പറഞ്ഞു. യെദ്യൂരപ്പയാണ് നിലവില്‍ ശിക്കാരിപുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. യെദ്യൂരപ്പയ്ക്ക് കേന്ദ്ര നേതൃത്വത്തില്‍ പിടിപാടുണ്ടെന്ന സന്ദേശമായാണ് ഷായുടെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. യെദ്യൂരപ്പയുടെ മൗനം ബലഹീനതയായി ആരും കാണരുതെന്നും പശ്ചാത്തപിക്കുമെന്നും വിജയേന്ദ്ര തുറന്നടിച്ചിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന ഇന്‍ചാര്‍ജ് അരുണ്‍ സിംഗ്, സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എം.പി എന്നിവരും യെദ്യൂരപ്പയുടെ വസതിയില്‍ എത്തിയിരുന്നു.
കർണാടകത്തിൽ ഒ.ബി.സി സംവരണം പിൻവലിക്കുന്നു
ബെംഗളൂരു : കർണാടകത്തിൽ ഒ.ബി.സി. വിഭാഗത്തിൽ മുസ്ലിങ്ങൾക്കുണ്ടായിരുന്ന നാല് ശതമാനം സംവരണം പിൻവലിക്കാൻ വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ സംവരണം വൊക്കലിഗ വിഭാഗത്തിനും ലിംഗായത്ത് വിഭാഗത്തിനും നൽകാൻ ബസവരാജ് ബൊമ്മെ സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒ.ബി.സി. സംവരണത്തിലെ 2.ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നാല് ശതമാനം മുസ്ലിം സംവരണം നിലവിലുണ്ടായിരുന്നത്. ഇതിന് പകരം മുസ്ലിം വിഭാഗത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ (ഇ.ഡബ്ല്യൂ.എസ്.) വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും അതിൽ പത്തുശതമാനം സംവരണം അവർക്ക് നൽകുമെന്നും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.ഇതോടെ, വൊക്കലിഗ വിഭാഗത്തിന്റെ സംവരണം നാലിൽനിന്ന് ആറ് ശതമാനമായും ലിംഗായത്ത് വിഭാഗത്തിന്റേത് അഞ്ചിൽനിന്ന് ഏഴ് ശതമാനമായും ഉയരും. നിയമസഭാ തിരഞ്ഞെടുപ്പ് മുമ്പിൽക്കണ്ടാണ് സർക്കാർ നീക്കം.