Home Featured ബെംഗളൂരു: ചിക്കബെല്ലാപുരയിലേക്ക് ബസ് സർവീസുമായി ബി.എം.ടി.സി

ബെംഗളൂരു: ചിക്കബെല്ലാപുരയിലേക്ക് ബസ് സർവീസുമായി ബി.എം.ടി.സി

ബെംഗളൂരു: നഗരത്തിന് പുറത്ത് ചിക്കബെല്ലാപുരയിലേക്ക് സർവീസ് നടത്താൻ ബി.എം.ടി.സി. ഉഗാദി ദിനമായ ബുധനാഴ്ച മുതൽ ബി.എം.ടി.സി.യുടെ ബസുകൾ ചിക്കബെല്ലാപുരയിലേക്ക് സർവീസ് തുടങ്ങുമെന്നാണ് സൂചന. ആദ്യഘട്ടത്തിൽ രണ്ട് എ.സി. ബസുകളാണ് സർവീസ് നടത്തുക.യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിന്നീട് കൂടുതൽ ബസുകൾ ഓടിത്തുടങ്ങും. ബി.എം.ടി.സി. യുടെ ഏറ്റവും ദൈർഘ്യമുള്ള സർവീസായിരിക്കുമിത്.

മജെസ്റ്റിക്കിൽ നിന്ന് പുറപ്പെടുന്ന ബസുകൾ 60 കിലോമീറ്റർ സഞ്ചരിച്ചാണ് ചിക്കബെല്ലാപുരയിലെത്തുക.നേരത്തേ കർണാടക ആർ.ടി.സി. എതിർപ്പുന്നയിച്ചതിനെത്തുടർന്ന് ചിക്കബെല്ലാപുരയിലേക്ക് സർവീസ് തുടങ്ങാനുള്ള പദ്ധതിയിൽനിന്ന് ബി.എം.ടി.സി. പിന്മാറിയിരുന്നു.എന്നാൽ രാഷ്ട്രീയസമ്മർദം ശക്തമായതോടെ കർണാടക ആർ.ടി.സി. – ബി.എം.ടി.സി. അധികൃതർ ചർച്ചചെയ്ത് എ.സി. ബസുകൾ മാത്രം സർവീസ് നടത്താൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ഈ റൂട്ടിൽ കർണാടക ആർ.ടി.സി.-ക്ക് എ.സി. ബസുകളില്ല.

ബി.ബി.എം.പി. പരിധിക്കുള്ളിലും ബി.ബി.എം.പി. യുടെ 25 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്കും സർവീസ് നടത്താനാണ് ബി.എം.ടി.സി.ക്ക് അധികാരമുള്ളത്.ഇതിന് പുറത്തേക്ക് സർവീസ് നടത്തണമെങ്കിൽ കർണാടക ആർ.ടി.സി. യുടെ പ്രത്യേക അനുമതി വേണം.ആദ്യഘട്ടത്തിൽ തങ്ങളുടെ വരുമാനത്തിൽ ഇവിടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്. ആർ.ടി.സി. സർവീസിന് അനുമതി നിഷേധിച്ചത്.ബി.എം.ടി.സി. സർവീസ് തുടങ്ങുന്നതോടെ ചിക്കബെല്ലാപുരയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സ്ഥിരം യാത്രക്കാർക്ക് നേട്ടമാകും.

സർക്കാരിന്റെ ഉഗാദി സമ്മാനമാണ് സർവീസെന്ന് ചിക്കബെല്ലാപുര എം.എൽ.എ.യും മന്ത്രിയുമായ കെ. സുധാകർ ട്വീറ്റ് ചെയ്തു.

പണ്ടുപണ്ടല്ല; ഇപ്പോഴുമുണ്ട് ഇടുക്കിയിലൊരു രാജാവ്!

തൊടുപുഴ: കോവില്‍മലയിലുണ്ടൊരു രാജാവ്. കൈയില്‍ ശംഖും നെല്‍ക്കതിരുള്ള കാപ്പും തലയില്‍ തലപ്പാവും അധികാരമേകുന്ന ദണ്ഡും തോളില്‍ അംഗവസ്ത്രവുമൊക്കെയായി പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നൊരു രാജമന്നാന്‍.കട്ടപ്പന കോവില്‍മലയിലുള്ള മന്നാന്‍ ആദിവാസി രാജാവിന്‍റെ ഔദ്യോഗിക ചിഹ്നങ്ങളാണിവ. ഇന്ത്യയില്‍ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളില്‍ ഒന്നായ ഇടുക്കി ജില്ലയിലെ രാജാവിന്റെ ആസ്ഥാനമാണ് കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍മല.

രാമന്‍ രാജമന്നാനാണ് ഇപ്പോഴത്തെ രാജാവ്. മന്നാന്‍ സമുദായത്തിന്റെ പതിനേഴാമത്തെ രാജാവാണ് ഇദ്ദേഹം.പതിനാലാമത്തെ രാജാവായിരുന്ന നായന്‍ രാജമന്നാന്റെ കാലം മുതലാണ് ഈ വിഭാഗത്തെക്കുറിച്ച്‌ പുറംലോകം കാര്യമായി അറിഞ്ഞ് തുടങ്ങിയത്. 1995 മാര്‍ച്ചില്‍ നായന്‍ രാജമന്നാന്റെ മരണശേഷം തേവന്‍ രാജമന്നാന്‍ രാജാവായി. അദ്ദേഹത്തിന്റെ കാലശേഷം 26 വയസ്സ് മാത്രമുണ്ടായിരുന്ന അരിയാന്‍ രാജമന്നാനാണ് നാട് ഭരിച്ചത്. അരിയാന്‍ രാജമന്നാന്‍ 2011ല്‍ മരിച്ചതോടെയാണ് 2012ല്‍ രാമന്‍ രാജമന്നാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

മന്നാന്‍ സമുദായത്തിന്റെ ജീവിതം തമിഴ് സംസ്‌കാരവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. ഈ സമൂഹത്തിന്‍റെ ഭാഷയിലും ആചാരാനുഷ്ഠാനങ്ങളിലുമെല്ലാം അത് പ്രകടമാണ്. ഇവരുടെ പൂര്‍വദേശം തമിഴ്‌നാടാണെന്നും ഇടുക്കിയിലേക്ക് കുടിയേറിയതാണെന്നും കരുതപ്പെടുന്നു. എന്നാല്‍, കുടിയേറ്റ കാലഘട്ടം വ്യക്തമല്ല. ഇളയരാജാവ്, കാണിക്കാര്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്ന ഭരണസംവിധാനവും ഇവര്‍ക്കുണ്ട്.

46 കുടികളിലായി മുക്കാല്‍ ലക്ഷത്തോളം അംഗങ്ങളാണ് മന്നാന്‍ സമുദായത്തിലുള്ളത്.ജനനം, മരണം, വിവാഹം, കാര്‍ഷിക വൃത്തി തുടങ്ങിയവയെല്ലാമായി ബന്ധപ്പെട്ടാണ് ഇവരുടെ ആചാരങ്ങളും വിശ്വാസങ്ങളും രൂപപ്പെട്ടിരിക്കുന്നത്. പരമ്ബരാഗത ആദിവാസി തനിമ നിലനിര്‍ത്തുന്ന ഇവരുടെ കാലാവൂട്ട് മഹോത്സവം ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തിലാണ് നടക്കുന്നത്. സമുദായത്തിന്റെ പരദേവത മുത്തിയമ്മയുടെ കോവിലിനു മുന്നില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് കൂത്ത് എന്ന കലാരൂപം അരങ്ങേറുന്നത്.

മണ്ണും കൃഷിയുമായി മന്നാന്‍ സമുദായത്തിനുള്ള ആത്മബന്ധമാണ് കാലാവൂട്ട് മഹോത്സവം. ദൈവസ്തുതികള്‍ക്കൊപ്പം മികച്ച വിളവുതന്ന മണ്ണിന്‍റെ സ്മരണയും നല്ലവിളവുതന്ന് ഞങ്ങളെ രക്ഷിക്കണമെന്ന തേട്ടവുമാണ് കൂത്തിന്റെ അടിസ്ഥാനം.സംഘകാലം മുതല്‍ രൂപപ്പെട്ട കൂത്ത് എന്ന കലാരൂപത്തിലെ വിഷയം തമിഴ് സാഹിത്യത്തിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നായ ചിലപ്പതികാരകഥയിലെ കണ്ണകി-കോവിലന്‍ കഥാതന്തുവാണ്. പാട്ടുകള്‍, ചൊല്ലുകള്‍, സംഭാഷണങ്ങള്‍ എന്നിവ ഇടകലര്‍ന്നാണ് കൂത്ത്. മൃഗവേഷം, സ്ത്രീവേഷം, കോമാളിവേഷം, പക്ഷിവേഷം എന്നിവ കെട്ടിയ നൃത്തക്കാര്‍ ആദിവാസി കൂത്തിന്റെ പ്രത്യേകതയാണ്.

പിന്നണിയില്‍ പാട്ടുകാരും ചെണ്ടക്കാരുമുണ്ടാവും. മുമ്ബ് വനവിഭവങ്ങളും മറ്റും ശേഖരിച്ച്‌ ഉപജീവനം നടത്തിയിരുന്ന ആദിവാസി വിഭാഗത്തില്‍പെട്ടവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ കൃഷിയിടങ്ങളിലും മറ്റും ജോലി ചെയ്ത് പുറംലോകവുമായി ബന്ധപ്പെട്ടുവരുന്നുണ്ട്. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ബിരുദം നേടിയ വ്യക്തിയാണ് ഇപ്പോഴത്തെ രാജാവ് രാമന്‍ രാജമന്നാന്‍.

You may also like

error: Content is protected !!
Join Our WhatsApp Group