Home Featured ടോള്‍ പിരിവ് നീട്ടി; ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിലെ ടോള്‍ പിരിവ് മാര്‍ച്ച്‌ 14ന് തുടങ്ങും

ടോള്‍ പിരിവ് നീട്ടി; ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിലെ ടോള്‍ പിരിവ് മാര്‍ച്ച്‌ 14ന് തുടങ്ങും

by admin

ബംഗളൂരു: ബംഗളൂരു- മൈസൂരു ദേശീയപാത 275ലെ എക്സ്പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള തീരുമാനം മാര്‍ച്ച്‌ 14 വരെ നീട്ടിയതായി ദേശീയപാത അതോറിറ്റി അറിയിച്ചു. ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണ് പിരിവ് നീട്ടിയതെന്ന് ദേശീയപാത പ്രൊജക്‌ട് ഡയറക്ടര്‍ ബി.ടി. ശ്രീധര പറഞ്ഞു.

ബംഗളൂരു- നിദഘട്ട സെക്ഷനില്‍ സര്‍വിസ് റോഡുകളുടെ പ്രവൃത്തി പൂര്‍ത്തിയാവുന്നതുവരെ ടോള്‍പിരിവ് നീട്ടിയയതായി മൈസൂരു- കുടക് എം.പി പ്രതാപ് സിംഹ ഇതു സംബന്ധിച്ച ഫോസ്ബുക്ക് പോസ്റ്റില്‍പറഞ്ഞു. റോഡ് പ്രവൃത്തി പൂര്‍ത്തിയാവുന്നതിന് മുമ്ബെ ടോള്‍ പിരിക്കാനുള്ള ദേശീയ പാത അതോറിറ്റിയുടെ തീരുമാനം യാത്രക്കാരുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.

ബംഗളൂരു മുതല്‍ മൈസൂരു വരെ 118 കിലോമീറ്റര്‍ വരുന്ന 10 വരി പാതയായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ പ്രവൃത്തി പൂര്‍ത്തിയായ ബംഗളൂരു -നിദഘട്ട സെക്ഷനിലെ ആറുവരി പാതയില്‍ ടോള്‍ പിരിക്കാന്‍ ദേശീയ പാത അതോറിറ്റി തീരുമാനിക്കുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 56 കിലോമീറ്റര്‍ വരുന്നതാണ് ഈ സെക്ഷന്‍.

എന്നാല്‍, സര്‍വിസ് റോഡ് പൂര്‍ത്തിയാക്കാതെ പ്രധാനപാത മാത്രം തുറന്നു നല്‍കി ടോള്‍ പിരിക്കാനുള്ള നീക്കമാണ് ദേശീയപാത അധികൃതര്‍ നടത്തിയത്. കുമ്ബളഗോഡിലെ കണിമിണികെയിലാണ് ടോള്‍ പ്ലാസ തുറക്കുന്നത്. നിദഘട്ട മുതല്‍ മൈസൂരു വരെ വരുന്ന 61 കിലോമീറ്റര്‍ പാതയില്‍ മാണ്ഡ്യ ശ്രീരംഗപട്ടണ കെ. ഷെട്ടിഹള്ളിയിലെ ഗണഗുരുവില്‍ രണ്ടാം ഘട്ടത്തില്‍ ടോള്‍ പ്ലാസ തുറക്കും.

കാര്‍, ജീപ്പ്, വാന്‍ എന്നിവക്ക് ഒരു വശത്തേക്കുള്ള യാത്രക്ക് 135 രൂപയും ഒരു ദിവസത്തിനകം ഇരുവശത്തേക്കുമുള്ള യാത്രക്ക് 205 രൂപയുമാണ് നിരക്ക്. ഓരോ ടോള്‍ പ്ലാസയിലും ഫാസ്ടാഗ് സൗകര്യത്തോടെയുള്ള 11 ഗേറ്റുകള്‍ വീതമുണ്ടാകും. രണ്ടാം ടോള്‍ പ്ലാസ കൂടി തുറക്കുന്നതോടെ ബംഗളൂരു ഭാഗത്തുനിന്ന് മൈസൂര്‍ ഭാഗത്തേക്ക് പോകുന്ന മലയാളികളടക്കമുള്ള യാത്രക്കാര്‍ക്ക് ചെലവേറും. ഓരോ 60 കിലോമീറ്ററിലും ഒരു ടോള്‍ പ്ലാസ എന്നതാണ് ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം.

You may also like

error: Content is protected !!
Join Our WhatsApp Group