ബെംഗളൂരു: ശിവമോഗയിലെ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ 80ാം പിറന്നാള്‍ ദിനത്തിലാണ് പ്രധാനമന്ത്രി വിമാനത്താവളം നാടിന് സമര്‍പ്പിച്ചത്. ചടങ്ങില്‍ യെദ്യൂരപ്പയും സന്നിഹതനായിരുന്നു. വേദിയില്‍ വെച്ച് യെദ്യൂരപ്പയെ പ്രധാനമന്ത്രി വാനോളം പുകഴ്ത്തി.
‘ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. കര്‍ണാടകയിലെ ജനപ്രിയ നേതാവ് ബിഎസ് യെദ്യൂരപ്പയുടെ ജന്മദിനമാണ് ഇന്ന്.അദ്ദേഹത്തിന്റെ ദീര്‍ഘായുസിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിച്ചു. കഴിഞ്ഞയാഴ്ച കര്‍ണാടക നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം പൊതുജീവിതം നയിക്കുന്ന എല്ലാവര്ക്കും പ്രചോദനമാണ്.വിജയത്തിന്റെ ഉയരങ്ങളില്‍ എത്തിയതിനു ശേഷവും ഒരാളുടെ പെരുമാറ്റത്തില്‍ എങ്ങനെ വിനയം ഉണ്ടായിരിക്കണം എന്നതിന്റെ തെളിവാണ് യെദ്യൂരപ്പ’, പ്രധാനമന്ത്രി പറഞ്ഞു.
384 കോടി രൂപ ചെലവില്‍ നിര്‍മിച്ച ശിവമോഗ വിമാനത്താവളം കര്‍ണാടകത്തിലെ ഒമ്ബതാമത്തെ പ്രാദേശിക വിമാനത്താവളമാണ്. 622.38 ഏക്കര്‍ വിസ്തീര്‍ണമുള്ള വിമാനത്താവളം താമര ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.രണ്ട് റെയില്‍വേ പദ്ധതികള്‍ – ശിവമൊഗ്ഗ – ശിക്കാരിപുര – റാണെബെന്നൂര്‍ പുതിയ റെയില്‍വേ ലൈന്‍, കോട്ടേഗംഗുരു റെയില്‍വേ കോച്ചിംഗ് ഡിപ്പോ എന്നിവയുള്‍പ്പെടെ ഒന്നിലധികം പദ്ധതികള്‍ക്ക് ഇന്ന് ശിവമോഗയില്‍ പ്രധാനമന്ത്രി തറകല്ലിട്ടിരുന്നു.
അതേസമയം ശിവമോഗ വിമാനത്താവളം ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചരണ ആയുധമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബി ജെ പി നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന ബി എസ് യെദ്യൂരപ്പയെ മെരുക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നില്‍ ഉണ്ട്. നേരത്തേ യെദ്യൂരപ്പയെ നേതൃത്വം അകറ്റി നിര്‍ത്തുകയാണെന്ന വികാരം ബി ജെ പി നേതാക്കള്‍ക്കിടയില്‍ തന്നെ ഉണ്ടായിരുന്നു. മോദി എത്തിയ പരിപാടികളില്‍ പോലും അദ്ദേഹത്തെ പങ്കെടുപ്പിക്കാതിരുന്നത് അതൃപ്തിക്ക് കാരണമായിരുന്നു.
അതേസമയം മുതിര്‍ന്ന ലിംഗായത്ത നേതാവായ യെദ്യൂരപ്പയെ പിണക്കിയാന് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടേക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹത്തിന്റെ അനുയായികള്‍ ഉയര്‍ത്തിയിരുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേയിലും ‘യെദ്യൂരപ്പ ഫാക്ടര്‍’ നിര്‍ണായകമാണെന്ന കണ്ടെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ബി ജെ പി ദേശീയ നേതൃത്വം ആരംഭിച്ചത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തി ബസവരാജ് ബൊമ്മിയെ മുഖ്യമന്ത്രിയാക്കിയതോടെയായിരുന്നു നേതൃത്വവുമായി അദ്ദേഹം അകന്നത്.