ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 550 ദശലക്ഷത്തിലധികം വാട്സ്‌ആപ് ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 95 ശതമാനവും വ്യാജ കോളുകളും സ്പാം കോളുകളും കൊണ്ട് ബുദ്ധിമുട്ടുന്നവരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്പാം കോളുകളും സ്പാം സന്ദേശമയയ്ക്കലും ഗണ്യമായി വര്‍ധിച്ചതായി ലോക്കല്‍ സര്‍ക്കിളിന്റെ സര്‍വേയില്‍ 76 ശതമാനം പേരും സമ്മതിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി ഒന്ന് മുതല്‍ 20 വരെയാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കളില്‍ 95% പേരും ദിവസവും ഒരിക്കലെങ്കിലും സ്‌പാം കോളുകളും സന്ദേശങ്ങളും ലഭിച്ചതായി പറഞ്ഞു, അതേസമയം 41% പേര്‍ പ്രതിദിനം നാലോ അതിലധികമോ സ്‌പാം കോളുകള്‍ ലഭിച്ചതായി വ്യക്തമാക്കി.
വാട്ട്‌സ്‌ആപ്പിന്റെ ബിസിനസ് അക്കൗണ്ടില്‍ നിന്നാണ് ഇത്തരം കോളുകളും സന്ദേശങ്ങളും വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സന്ദേശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള സംവിധാനങ്ങള്‍ വാട്ട്‌സ്‌ആപ്പില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടിനോട് പ്രതികരിച്ച മെറ്റാ വക്താവ് പറഞ്ഞു. ഒരു ബിസിനസ് അക്കൗണ്ടിന് തുടര്‍ച്ചയായി നെഗറ്റീവ് ഫീഡ്‌ബാക്ക് ലഭിക്കുകയാണെങ്കില്‍, ആ അക്കൗണ്ടിലേക്കുള്ള ബിസിനസ് ആക്‌സസ് നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വേയില്‍ രാജ്യത്തെ 351 നഗരങ്ങളില്‍ നിന്നായി 51,000 പ്രതികരണങ്ങള്‍ ലഭിച്ചു.
92% പേരും ഡിഎന്‍ഡി (DND) ഓണാക്കിയതിന് ശേഷവും അനാവശ്യ കോളുകള്‍ മൂലം ബുദ്ധിമുട്ടുന്നതായി സര്‍വേ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ്, ലോക്കല്‍ സര്‍ക്കിള്‍ ടെലിമാര്‍ക്കറ്റിംഗിനെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു, അതില്‍ 92 ശതമാനം മൊബൈല്‍ ഉപയോക്താക്കളും ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ മൂലം ദിവസവും ബുദ്ധിമുട്ടുന്നുണ്ടെന്ന് പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, സര്‍വേയില്‍ പങ്കെടുത്ത 78 ശതമാനം പേരും സാമ്ബത്തിക സേവനങ്ങളില്‍ നിന്നും റിയല്‍ എസ്റ്റേറ്റ് ആളുകളില്‍ നിന്നും തങ്ങള്‍ക്ക് കോളുകള്‍ ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. 66 ശതമാനം പേര്‍ ദിവസവും കുറഞ്ഞത് മൂന്ന് ടെലിമാര്‍ക്കറ്റിംഗ് കോളുകളെങ്കിലും ലഭിക്കുന്നുണ്ടെന്ന് അറിയിച്ചു.