ബംഗളൂരു: അപാര്‍ട്ട് സമുച്ചയത്തിലെ മലിനജലശുദ്ധീകരണ പ്ലാന്റ് വൃത്തിയാക്കാനിറങ്ങിയ രണ്ടുതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.കനകപുര റോഡ് കോണനകുണ്ഡെയിലെ അപാര്‍ട്ട്മെന്റില്‍ നടന്ന അപകടത്തില്‍ അപാര്‍ട്ട്മെന്റ് മാനേജ്‌മെന്റും സ്ഥാപന ഉടമയും ജീവനക്കാരുമുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കൊനാനകുണ്ഡെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവൃത്തികള്‍ നടത്തുന്ന സ്വകാര്യ കമ്ബനിയുടെ ജീവനക്കാരായ തുമകൂരു സ്വദേശി രവികുമാര്‍ (29), ഒഡിഷ സ്വദേശി ദിലീപ് കുമാര്‍ (26) എന്നിവരാണ് മരിച്ചത്. പ്ലാന്റിന്റെ പ്രവര്‍ത്തനം തകരാറിലായതോടെയാണ് ഇരുവരും അറ്റകുറ്റപ്പണിക്കായി എത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ കമ്ബനിയിലെ സൂപ്രണ്ട് പാര്‍പ്പിട സമുച്ചയത്തിലെ സുരക്ഷ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും ബോധമറ്റ നിലയില്‍ പ്ലാന്റിന് സമീപം കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലാന്റിനുള്ളില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
എ.ടി.എമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 1.03 കോടി രൂപയുമായി യുവാവ് മുങ്ങി
ബംഗളൂരു: എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 1.03 കോടി രൂപയുമായി യുവാവ് മുങ്ങി. ചിന്നമ്മ ലേഔട്ടില്‍ താമസിക്കുന്ന ഉത്തര കന്നട സ്വദേശി രാജേഷ് മേസ്തയാണ് പണവുമായി കടന്നുകളഞ്ഞത്.ബാങ്കുകളില്‍നിന്ന് പണം സ്വീകരിച്ച് എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ കരാറെടുത്ത സെക്യുര്‍ വാല്യു ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ ഏജന്‍സി ജീവനക്കാരനാണിയാള്‍. ഡിസംബര്‍ 28ന് ബി.ടി.എം. ലേഔട്ട്, കോറമംഗല, ബെന്നാര്‍ഘട്ട റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് 1.03 കോടി രൂപ ഇയാള്‍ മോഷ്ടിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ രാജേഷ് ഓഫിസില്‍ വരാതാവുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു. ഇതോടെ സംശയംതോന്നി എ.ടി.എമ്മുകളില്‍ നിക്ഷേപിച്ച പണത്തിന്റെ കണക്ക് നോക്കിയപ്പോള്‍ 1.03 കോടി രൂപ നിക്ഷേപിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും രാജേഷിനെതിരേ സ്വകാര്യ ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ മടിവാള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.