Home Featured വിമാനത്തില്‍ മൂത്രമൊഴിച്ചെന്ന സംഭവത്തില്‍ പുതിയ ട്വിസ്റ്റ്‌ ;മൂത്രമൊഴിച്ചത് താനല്ലെന്ന് ശങ്കര്‍ മിശ്ര

വിമാനത്തില്‍ മൂത്രമൊഴിച്ചെന്ന സംഭവത്തില്‍ പുതിയ ട്വിസ്റ്റ്‌ ;മൂത്രമൊഴിച്ചത് താനല്ലെന്ന് ശങ്കര്‍ മിശ്ര

by admin

ന്യൂഡെല്‍ഹി: എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ മൂത്രമൊഴിച്ചെന്ന സംഭവത്തില്‍ വാദിയെ പ്രതിയാക്കുന്ന നടപടിയുമായി കോടതിയില്‍ ശങ്കര്‍ മിശ്ര. ന്യൂയോര്‍കില്‍നിന്നു ഡെല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റുചെയ്ത മിശ്ര നിലവില്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്. പരാതി നല്‍കിയ പ്രായമുള്ള സ്ത്രീയുടെ സീറ്റില്‍ മൂത്രമൊഴിച്ചത് താനല്ലെന്നും, അവര്‍ സ്വയം മൂത്രമൊഴിച്ചതാണെന്നുമാണ് കേസ് പരിഗണിക്കുന്ന ഡെല്‍ഹി കോടതിയില്‍ ശങ്കര്‍ മിശ്ര പറഞ്ഞത്.

മിശ്രയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സെഷന്‍സ് കോടതി മിശ്രയ്ക്ക് നോടിസ് അയച്ചിരുന്നു. ശങ്കര്‍ മിശ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള മെട്രൊപ്പൊളീറ്റന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ ഡെല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജി അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഹര്‍ജ്യോത് സിങ് ഭല്ലയാണ് പരിഗണിക്കുന്നത്.

ശങ്കര്‍ മിശ്ര സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം മെട്രൊപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോമള്‍ ഗാര്‍ഗ് തള്ളിയിരുന്നു. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ മിശ്രയ്ക്ക് ജാമ്യം നല്‍കുന്നത് ശരിയല്ലെന്ന നിരീക്ഷണത്തോടെയാണ് ഇത്.

നവംബര്‍ 26ന് ന്യൂയോര്‍കില്‍നിന്ന് ഡെല്‍ഹിയിലേക്കു വരികയായിരുന്ന എയര്‍ ഇന്‍ഡ്യ വിമാനത്തിലാണു പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ബിസിനസ് ക്ലാസ് യാത്രികനായ ശങ്കര്‍ മിശ്ര, 70 വയസ്സുള്ള കര്‍ണാടകക്കാരിയായ യാത്രികയുടെ ദേഹത്തേക്ക് മദ്യലഹരിയില്‍ മൂത്രമൊഴിച്ചെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് യുഎസ് ആസ്ഥാനമായുള്ള വെല്‍സ് ഫാര്‍ഗോ എന്ന ബഹുരാഷ്ട്ര ധനകാര്യ കംപനിയുടെ ഇന്‍ഡ്യ ചാപ്റ്റര്‍ വൈസ് പ്രസിഡന്റായിരുന്ന ഇയാളെ, കംപനിയില്‍നിന്ന് പുറത്താക്കിയിരുന്നു.

സീറ്റ് മുഴുവനും മൂത്രം കൊണ്ട് നനഞ്ഞതിനാല്‍ ഇരിക്കാന്‍ പറ്റാതായ സ്ത്രീയെ അവിടെ തന്നെ ഇരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മണിക്കൂറുകള്‍ക്ക് ശേഷമാണ് ജീവനക്കാരുടെ സീറ്റ് നല്‍കിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. നനഞ്ഞ വസ്ത്രങ്ങള്‍ക്ക് പകരം പിന്നീട് ജീവനക്കാര്‍ ചുരിദാറും ചെരുപ്പും ഇവര്‍ക്ക് നല്‍കിയിരുന്നു.

നവംബറിലാണ് സംഭവം നടന്നതെങ്കിലും അടുത്തിടെയാണ് വാര്‍ത്ത പുറത്തുവന്നതും മിശ്രയെ അറസ്റ്റുചെയ്യുന്നതും. അറസ്റ്റു ചെയ്യുമെന്ന് ഉറപ്പായതോടെ ബെംഗളൂരുവില്‍ സഹോദരിയുടെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ വെള്ളിയാഴ്ച രാത്രിയാണു ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം നിരസിച്ച ഡെല്‍ഹി പട്യാല ഹൗസ് കോടതി, മിശ്രയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു ജയിലിലടച്ചിരുന്നു.

പൊലീസ് കേസ് എടുത്തതിനു പിന്നാലെ ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ ശങ്കര്‍ മിശ്ര, സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. ഇതു കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഒരിടത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും പൊലീസിനു സഹായകമായി. ബെംഗ്ലൂറിലുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ ഡെല്‍ഹി പൊലീസ് വെള്ളിയാഴ്ച രാവിലെ അവിടെയെത്തി. പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ ശങ്കര്‍ മുഖം ക്ലീന്‍ ഷേവ് ചെയ്തിരുന്നു.

സംഭവദിവസം വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരിലൊരാളെയും നാലു കാബിന്‍ ജീവനക്കാരെയും എയര്‍ ഇന്‍ഡ്യ ജോലിയില്‍നിന്നു മാറ്റി നിര്‍ത്തി കാരണം കാണിക്കല്‍ നോടിസ് നല്‍കി. സംഭവത്തില്‍ ഖേദപ്രകടനം നടത്തിയ എയര്‍ ഇന്‍ഡ്യ, വിഷയം കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാമായിരുന്നുവെന്നു സമ്മതിച്ചു. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് എയര്‍ ഇന്‍ഡ്യയെ വ്യോമയാന ഡയറക്ടറേറ്റ് ജെനറല്‍ (ഡിജിസിഎ) വിമര്‍ശിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group