ബംഗളൂരു: ഭരണസിരാകേന്ദ്രത്തില്‍ 10.5 ലക്ഷം രൂപയുമായി കര്‍ണാടക പൊതുമരാമത്ത് വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയര്‍ പിടിയില്‍. ബി.ജെ.പി സര്‍ക്കാര്‍ അഴിമതി ഭരണത്തിനായി വിധാന്‍ സൗധയെ കേന്ദ്രമാക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കര്‍ണാടക നിയമസഭ മന്ദിരമായ വിധാന്‍ സൗധയിലാണ് ബുധനാഴ്ച വൈകീട്ട് 5.30ഓടെ മാണ്ഡ്യയിലെ പൊതുമരാമത്ത് വകുപ്പ് ജൂനിയര്‍ എന്‍ജിനീയറായ ജെ. ജഗദീഷ് എത്തിയത്. ഗേറ്റില്‍ സുരക്ഷ ജീവനക്കാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശമുള്ള ബാഗില്‍നിന്ന് പണം കണ്ടെത്തിയത്.
ആരെ കാണാനാണ് എത്തിയതെന്നോ പണം എന്തിനാണെന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് ഇയാള്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് വിധാന്‍ സൗധ പൊലീസിന് കൈമാറുകയായിരുന്നു. വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, പൊതുമരാമത്ത് മന്ത്രിക്ക് നല്‍കാനാണ് പണമെത്തിച്ചതെന്നും സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണിതെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.
മറ്റു കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതാക്കളും സമാന ആരോപണവുമായി രംഗത്തെത്തിയതോടെ സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. വിശദമായി അന്വേഷിക്കുമെന്നും കോണ്‍ഗ്രസിന്‍റെ ആരോപണം അസംബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രി സി.സി. പാട്ടീലും ആരോപണം തള്ളി.
കെ.ജി.എഫ് ബാബുവിനെ കോണ്‍ഗ്രസ് പുറത്താക്കി
ബംഗളൂരു: കര്‍ണാടകയിലെ പ്രധാന ബിസിനസുകാരന്‍ കെ.ജി.എഫ് ബാബു എന്ന യൂസുഫ് ശരീഫിനെ കോണ്‍ഗ്രസ് പുറത്താക്കി. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 80 സീറ്റില്‍ അധികം നേടില്ലെന്ന് യൂസുഫ് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനാലാണ് പുറത്താക്കലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്‍മാന്‍ കെ. റഹ്മാന്‍ ഖാന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ ചിക്ക്പേട്ട് മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ യൂസുഫ് ശ്രമിക്കുന്നതായി സൂചനകളുണ്ട്. യൂസുഫ് ശരീഫ് എന്ന കെ.ജി.എഫ് ബാബു കര്‍ണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാവല്ലെങ്കിലും വന്‍ വ്യവസായിയായതിനാല്‍ എല്ലാവര്‍ക്കും പ്രിയങ്കരനാണ്. താന്‍ താമസിക്കുന്ന ചിക്പേട്ടിനായി കോടികളുടെ പദ്ധതിയാണ് അദ്ദേഹം സ്വന്തം നിലക്ക് നടത്തുന്നത്.
തന്‍റെ സമ്ബാദ്യത്തില്‍നിന്ന് ചിക്പേട്ട് നിയമസഭ മണ്ഡലത്തിലെ ജനങ്ങള്‍ക്കായി 350 കോടി നല്‍കാന്‍ തയാറാണെന്ന് ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. 5000 രൂപ വീതം മണ്ഡലത്തിലെ എല്ലാ വീടുകളിലും നല്‍കുന്നതടക്കം 2022 മുതല്‍ 2027 വരെയുള്ള അഞ്ചു വര്‍ഷം നടത്താനിരിക്കുന്ന വിദ്യാഭ്യാസ സാമൂഹികക്ഷേമ പദ്ധതികളുടെ പത്രികയും പുറത്തിറക്കിയിരുന്നു.
എം.എല്‍.സി തെരഞ്ഞെടുപ്പില്‍ ബംഗളൂരു അര്‍ബന്‍ സീറ്റില്‍ സ്ഥാനാര്‍ഥിയായിരുന്ന അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1743 കോടിയുടെ സ്വത്തുവിവരം രേഖപ്പെടുത്തിയതോടെയാണ് ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 1200 കോടി സ്വത്തുണ്ടായിരുന്ന കര്‍ണാടക മന്ത്രി എം.ടി.ബി. നാഗരാജിനെ പിന്തള്ളി യൂസുഫ് ശരീഫ് കര്‍ണാടകയിലെ ഏറ്റവും സമ്ബന്നനായ രാഷ്ട്രീയക്കാരനായി മാറി. എന്നാല്‍, 397 വോട്ടിന് എം.എല്‍.സി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
കോലാറിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ (കെ.ജി.എഫ്) നിന്നുള്ളയാളാണ് ഇദ്ദേഹമെന്നതിനാലാണ് കെ.ജി.എഫ് ബാബു എന്ന പേര് വന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുന്നതിനു മുമ്ബ് സ്ക്രാപ് കച്ചവടക്കാരനായിരുന്നു. ഇതിനാല്‍ ‘സ്ക്രാപ് ബാബു’ എന്ന പേരും കിട്ടിയിട്ടുണ്ട്.