ബെലഗാവി: കർണാടക – മഹാരാഷ്ട്ര അതിർത്തിയായ ബെലഗാവിയിൽ തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേനയുടെ ജില്ലാ പ്രസിഡന്റിന്റെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായി. ശ്രീറാംസേന ജില്ലാ പ്രസിഡന്റ് രവി കോകിത്കർക്കും ഡ്രൈവർ മനോജ് ദേസൂര്‍കര്‍ക്കും വെടിയേറ്റു. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ് വെടിയേറ്റത്. ഇരുവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് പേരും അപകടനില തരണം ചെയ്തതായി പൊലീസ് വിശദമാക്കി.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. ‘വിരാട് ഹിന്ദു സമാവേശ്’ എന്ന പേരിൽ തീവ്രഹിന്ദുസംഘടനകളുടെ സമ്മേളനം നടക്കാനിരിക്കെ ആണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ ബെലഗാവിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹിന്ദാല്‍ഗയിലേക്ക് പോവുന്നതിനിടയില്‍ മറാത്തി സ്കൂളിന് സമീപത്തെ സ്പീഡ് ബ്രേക്കറിനടുത്ത് വച്ച് കാറിന്‍റെ വേഗത കുറച്ചതിന് പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്. മറാത്തി സംസാരിക്കുന്ന പ്രദേശങ്ങളുടെ പേരിൽ കർണാടകയും മഹാരാഷ്ട്രയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന ജില്ലയാണ് ബെലഗാവി. നേരത്തെ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ കർണാടക സംസ്ഥാനത്തില്‍ ലയിക്കാൻ അനുവദിക്കണമെന്ന് സോലാപുർ ജില്ലയിലെ അക്കൽകോട്ട് താലൂക്കിലെ 11 ഗ്രാമങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
സോലാപൂരിലെ കല്ലകർജൽ, കേഗാവ്, ഷേഗാവ്, കോർസെഗാവ്, ആളഗി, ധർസാങ്, അന്ധേവാഡി (ഖുർദ്), ഹില്ലി, ദേവികാവതേ, മൻഗ്രുൾ, ഷവാൾ എന്നീ പഞ്ചായത്തുകളാണ് കര്‍ണാടകയില്‍ ലയിക്കണമെന്ന ആവശ്യം കലക്ടർക്ക് മുന്നില്‍ രേഖാമൂലം അവതരിപ്പിച്ചത്. പഞ്ചായത്തുകളില്‍ ഗതാഗത യോഗ്യമായ റോഡുകളോ വൈദ്യുതിയോ വെള്ളമോ ഇല്ലെന്നും കര്‍ണാടകയില്‍ മികച്ച സൗകര്യമുണ്ടെന്നും ഗ്രാമീണര്‍ പറഞ്ഞു. പലയിടത്തും മൊബൈല്‍ ഫോണിന് റേഞ്ച് പോലും ലഭിക്കുന്നില്ലെന്നും സ്കൂളുകളിലേക്ക് അധ്യാപകര്‍ക്ക് എത്താന്‍ പോലും സാധിക്കുന്നില്ലെന്നും പരാതിയുയര്‍ന്നു. അയൽസംസ്ഥാനമായ കർണാടകയിലെ പ്രദേശങ്ങളിൽ എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടെന്നാണ് ഗ്രാമീണരുടെ വാദം.
കെ.ജി.എഫ് ബാബുവിനെ കോണ്‍ഗ്രസ് പുറത്താക്കി
ബംഗളൂരു: കര്‍ണാടകയിലെ പ്രധാന ബിസിനസുകാരന്‍ കെ.ജി.എഫ് ബാബു എന്ന യൂസുഫ് ശരീഫിനെ കോണ്‍ഗ്രസ് പുറത്താക്കി. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 80 സീറ്റില്‍ അധികം നേടില്ലെന്ന് യൂസുഫ് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനാലാണ് പുറത്താക്കലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്‍മാന്‍ കെ. റഹ്മാന്‍ ഖാന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ ചിക്ക്പേട്ട് മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ യൂസുഫ് ശ്രമിക്കുന്നതായി സൂചനകളുണ്ട്. യൂസുഫ് ശരീഫ് എന്ന കെ.ജി.എഫ് ബാബു കര്‍ണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാവല്ലെങ്കിലും വന്‍ വ്യവസായിയായതിനാല്‍ എല്ലാവര്‍ക്കും പ്രിയങ്കരനാണ്. താന്‍ താമസിക്കുന്ന ചിക്പേട്ടിനായി കോടികളുടെ പദ്ധതിയാണ് അദ്ദേഹം സ്വന്തം നിലക്ക് നടത്തുന്നത്.
തന്‍റെ സമ്ബാദ്യത്തില്‍നിന്ന് ചിക്പേട്ട് നിയമസഭ മണ്ഡലത്തിലെ ജനങ്ങള്‍ക്കായി 350 കോടി നല്‍കാന്‍ തയാറാണെന്ന് ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. 5000 രൂപ വീതം മണ്ഡലത്തിലെ എല്ലാ വീടുകളിലും നല്‍കുന്നതടക്കം 2022 മുതല്‍ 2027 വരെയുള്ള അഞ്ചു വര്‍ഷം നടത്താനിരിക്കുന്ന വിദ്യാഭ്യാസ സാമൂഹികക്ഷേമ പദ്ധതികളുടെ പത്രികയും പുറത്തിറക്കിയിരുന്നു.
എം.എല്‍.സി തെരഞ്ഞെടുപ്പില്‍ ബംഗളൂരു അര്‍ബന്‍ സീറ്റില്‍ സ്ഥാനാര്‍ഥിയായിരുന്ന അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1743 കോടിയുടെ സ്വത്തുവിവരം രേഖപ്പെടുത്തിയതോടെയാണ് ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 1200 കോടി സ്വത്തുണ്ടായിരുന്ന കര്‍ണാടക മന്ത്രി എം.ടി.ബി. നാഗരാജിനെ പിന്തള്ളി യൂസുഫ് ശരീഫ് കര്‍ണാടകയിലെ ഏറ്റവും സമ്ബന്നനായ രാഷ്ട്രീയക്കാരനായി മാറി. എന്നാല്‍, 397 വോട്ടിന് എം.എല്‍.സി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
കോലാറിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ (കെ.ജി.എഫ്) നിന്നുള്ളയാളാണ് ഇദ്ദേഹമെന്നതിനാലാണ് കെ.ജി.എഫ് ബാബു എന്ന പേര് വന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുന്നതിനു മുമ്ബ് സ്ക്രാപ് കച്ചവടക്കാരനായിരുന്നു. ഇതിനാല്‍ ‘സ്ക്രാപ് ബാബു’ എന്ന പേരും കിട്ടിയിട്ടുണ്ട്.