ബംഗളൂരു: ദക്ഷിണ കന്നഡ സുള്ള്യയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യക്ക് കര്‍ണാടക സര്‍ക്കാര്‍ ജോലി നല്കി.ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണര്‍ ഓഫിസിലാണ് ജോലി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിഭാഗത്തില്‍ അസിസ്റ്റന്റായാണ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യ നൂതന കുമാരി നിയമിതയായത്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ സി ക്ലാസ് ജീവനക്കാരിയായി നിയമിച്ചിരുന്നു. എന്നാല്‍, മംഗളൂരുവല് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥന സര്‍ക്കാര്‍ പരിഗണിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 26നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. എന്നാല്‍, 10 ദിവസത്തെ ഇടവേളക്കിടെ മൂന്നു യുവാക്കള്‍ കൊല്ലപ്പെട്ടിട്ടും ഒരാളുടെ വീട് മാത്രം മുഖ്യമന്ത്രി സന്ദര്‍ശിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.സര്‍ക്കാര്‍ പക്ഷപാതപരമായി പെരുമാറുന്നെന്നായിരുന്നു ആരോപണം.
ജൂലൈ 21ന് ബെള്ളാരെയില്‍ മസൂദ് (18), ജൂലൈ 26ന് പ്രവീണ്‍ നെട്ടാരു, ജൂലൈ 28ന് സൂറത്കലില് മുഹമ്മദ് ഫാസില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രവീണ്‍ വധക്കേസ് എന്‍.ഐ.എക്ക് കൈമാറുകയും ചെയ്തിരുന്നു. സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത മുസ്ലിം യുവാക്കളുടെ കൊലപാതകത്തെ ഭരണകക്ഷിയായ ബിജെ.പി മനഃപൂര്‍വം അവഗണിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
നമ്മ മെട്രോ വൈറ്റ്ഫീല്‍ഡ് പാതയില്‍ പരീക്ഷണയോട്ടം 25ന്
ബംഗളൂരു: നമ്മ മെട്രോ പര്‍പ്പിള്‍ ലൈനില്‍ ബൈയപ്പനഹള്ളി മുതല്‍ വൈറ്റ്ഫീല്‍ഡ് വരെ പുതിയ പാതയില്‍ ഒക്ടോബര്‍ 25ന് പരീക്ഷണയോട്ടം നടക്കും.പരീക്ഷണയോട്ടത്തിനുള്ള മെട്രോ കോച്ചുകള്‍ കഴിഞ്ഞദിവസം ബൈയപ്പനഹള്ളിയില്‍ എത്തിച്ചിരുന്നു. വൈറ്റ്ഫീല്‍ഡ് മുതല്‍ ഗരുഡാചര് പാളയ വരെ മോട്ടോര്‍ ട്രോളി ഉപയോഗിച്ചുള്ള പരിശോധന പൂര്‍ത്തിയാക്കി. മെട്രോ കോച്ചുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണയോട്ടം പൂര്‍ത്തിയാവുന്നതോടെ ഈ പാതയിലെ സ്റ്റേഷനുകളുടെ നിര്‍മാണം വേഗത്തിലാക്കുമെന്ന് ബി.എം.ആര്.സി.എല്‍ എം.ഡി അന്‍ജും പര്‍വേസ് പറഞ്ഞു.
അടുത്തവര്‍ഷം ജനുവരി അവസാനത്തോടെ സ്റ്റേഷന് നിര്‍മാണമടക്കം പൂര്‍ത്തിയാക്കി ഫെബ്രുവരി ആദ്യ ആഴ്ചയില്‍ റെയില്‍ സുരക്ഷ കമീഷണറെ പരിശോധനക്കായി വിളിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സമാന്തര ട്രാക്കുകളുടെ അലൈന്മെന്റ് പരിശോധിച്ചത്. നമ്മ മെട്രോയില്‍ ആദ്യമായാണ് ഇതിന് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കുന്നത്. ബൈയപ്പനഹള്ളി- കെ.ആര് പുരം പാത കഴിഞ്ഞ മാസം തുറന്നുനല്‍കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍, കനത്ത മഴയും വെള്ളക്കെട്ടും കാരണം പ്രവൃത്തി തടസ്സപ്പെട്ടു. ബൈയപ്പനഹള്ളി മുതല്‍ വൈറ്റ് ഫീല്‍ഡ് വരെ 15 കിലോമീറ്റര്‍ ആര് വണ്‍ എ, ആര് വണ്‍ ബി എന്നീ റീച്ചുകളിലായാണ് പൂര്‍ത്തിയാക്കുന്നത്. ബൈയപ്പനഹള്ളി മുതല്‍ സീതാരാമ പാളയ വരെ 8.67 കിലോമീറ്ററാണ് ആര് വണ്‍ എയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സീതാരാമ പാളയ മുതല്‍ വൈറ്റ് ഫീല്‍ഡ് വരെ 7.14 കിലോമീറ്റര്‍ ആര് വണ്‍ ബി റീച്ചിലും ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തിയാക്കുന്നത്. ബൈയപ്പനഹള്ളിക്കും കെ.ആര് പുരത്തിനുമിടയില് ബെന്നിഗന ഹള്ളി എന്ന സ്റ്റോപ്പാണ് ഉണ്ടാവുക.
കെ.ആര് പുരത്തിനും വൈറ്റ്ഫീല്ഡിനുമിടയില് മഹാദേവപുര, ഗരുഡാചര്‍പാളയ, ഹൂഡി ജങ്ഷന്, സീതാരാമ പാളയ, കുന്ദലഹള്ളി, നല്ലൂര്‍ഹള്ളി, ശ്രീ സത്യസായി ഹോസ്പിറ്റല്‍, പട്ടന്തുര് അഗ്രഹാര, കാഡുഗൊഡി, ചന്നസാന്ദ്ര എന്നീ സ്റ്റോപ്പുകളുമുണ്ടാകും. വൈറ്റ്ഫീല്‍ഡ് മേഖലയില്‍നിന്ന് ദിനേന സിറ്റി ഭാഗത്തേക്ക് യാത്രചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് പുതിയ മെട്രോ പാത ഉപകാരപ്പെടും. നിലവില്‍ കനത്ത ഗതാഗതക്കുരുക്കില്‍ രണ്ടു മണിക്കൂറിലേറെ ചെലവഴിച്ചാണ് ഈ റൂട്ടിലെ യാത്ര.
പര്‍പ്പിള്‍ ലൈനില്‍ മൈസൂരു റോഡ് മുതല്‍ കെങ്കേരി വരെ പുതിയ പാതയില്‍ മാസങ്ങള്‍ക്കുമുമ്ബ് മെട്രോ ഓടിത്തുടങ്ങിയിരുന്നു. കെങ്കേരി മുതല്‍ ചെല്ലഘട്ട വരെയുള്ള പാതയുടെ പ്രവൃത്തി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനാണ് ബി.എം.ആര്.സി.എല്‍ ലക്ഷ്യമിടുന്നത്. നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിയില്‍ ഇതുവരെ ഗ്രീന്‍ ലെനില്‍ സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ യെലച്ചനഹള്ളി വരെയും പര്‍പ്പിള്‍ ലൈനില്‍ മൈസൂരു റോഡ് മുതല്‍ കെങ്കേരി വരെയും രണ്ട് പാതകളാണ് യാത്രക്കായി തുറന്നുനല്‍കിയത്.