Home Featured മുഖ്യമന്ത്രിക്കെതിരെ ‘പേ സിഎം’ കാമ്പയിന്‍; ഡി കെ ശിവകുമാര്‍ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിക്കെതിരെ ‘പേ സിഎം’ കാമ്പയിന്‍; ഡി കെ ശിവകുമാര്‍ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

by കൊസ്‌തേപ്പ്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെയുള്ള ‘പേസിഎം’ ക്യാമ്പയിനുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ബി കെ ഹരിപ്രസാദ്,  രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രിയങ്ക ഖാഡ്ഗെ തുടങ്ങിയ നേതാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. 

പൊതുമരാമത്ത് ജോലികള്‍ക്ക് സര്‍ക്കാര്‍ 40% കമ്മീഷന്‍ വാങ്ങുന്നു എന്ന ആരോപണത്തിന്റെ തുടര്‍ച്ചയായിരുന്നു  മുഖ്യമന്ത്രിക്കെതിരായ പേസിഎം പോസ്റ്ററുകൾ. ഇ  വാലറ്റായ ‘പേടിഎമ്മി’നോട് സാദൃശ്യമുള്ളതാണ് ‘പേസിഎം’ എന്ന വാചകത്തോടുകൂടി ക്യുആര്‍ കോഡും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ചിത്രവുമുള്‍പ്പടെയുള്ള പോസ്റ്ററുകള്‍. ഇവ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘40% ഇവിടെ സ്വീകരിക്കുന്നു’ എന്ന ക്യാപ്ഷനോടുകൂടിയാണ് പോസ്റ്റര്‍. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ‘40% സര്‍ക്കാര’ എന്ന സൈറ്റിലേക്കാണ് പോവുന്നത്. കുറച്ച് ദിവസം മുമ്പാണ് സൈറ്റ് നിലവില്‍വന്നത്.

സര്‍ക്കാര്‍ ജോലിക്കും ബിജെപി. സര്‍ക്കാര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. കെട്ടിട നിർമ്മാതാക്കളോടും കോൺട്രാക്ടർമാരോടുമെല്ലാം സർക്കാർ കൈക്കൂലി വാങ്ങുന്നെന്നാണ് കോൺ​ഗ്രസ് പറയുന്നത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ആരോപണങ്ങൾ വലിയ ചർച്ചയാകുകയാണ്.  എന്നാൽ,  അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺ​ഗ്രസ് ഉന്നയിക്കുന്നതെന്നും അഴിമതി നടത്തിയെന്നതിന് തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ പ്രതികരണം. തനിക്കെതിരെ തെരുവുകളിൽ പതിച്ചത് തിന്മയുടെ പോസ്റ്ററാണെന്നും ബൊമ്മ പ്രതികരിച്ചിരുന്നു.

“തിന്മയുടെ ഡിസൈനാണത്. അവരുടെ പക്കൽ തെളിവുകളൊന്നുമില്ല. രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണത്. തെളിവ് ഹാജരാക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്. അവരുടെ (കോൺ​ഗ്രസ്) ഭരണകാലത്ത് നിരവദി അഴിമതികളുണ്ടായിരുന്നല്ലോ, അതൊക്കെ പരിശോധിക്കണോ?” ബൊമ്മെ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. 

കന്നഡ നടന്‍ അഖില്‍ അയ്യരുടെ ചിത്രം പതിച്ച പോസ്റ്റര്‍ ഉപയോഗിച്ച്‌ മുഖ്യമന്ത്രിക്കെതിരെ പ്രചാരണം; തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് നടന്‍

കര്‍ണാടക : കോണ്‍ഗ്രസിന്റെ ‘പേസിഎം പോസ്റ്ററുകള്‍’ക്കായി തന്റെ ഫോട്ടോ ഉപയോഗിച്ചതായി ബംഗളൂരു നടന്‍ അഖില്‍ അയ്യര്‍ . തന്റെ സമ്മതമില്ലാതെയാണ് തന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നതെന്ന് നടന്‍ വ്യക്തമാക്കി.

ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ചിത്രമുള്ള ‘പേസിഎം പോസ്റ്ററുകള്‍’ ബംഗളൂരുവിലുടനീളം പതിച്ചിട്ടുണ്ട്. നിലവിലെ ബിജെപി ഭരണത്തിന് കീഴില്‍ 40 ശതമാനം കമ്മീഷന്‍ നിരക്ക് എങ്ങനെയാണ് മാനദണ്ഡമായി മാറിയതെന്ന് എടുത്തുകാണിക്കുന്നതിനാണ് പേ സി എം പോസ്റ്ററുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നടന്‍ അഖില്‍ അയ്യര്‍ തന്റെ ചിത്രം ‘നിയമവിരുദ്ധമായി’ ഉപയോഗിക്കുന്നുവെന്ന് ട്വിറ്ററില്‍ പറഞ്ഞു , ‘എന്റെ മുഖം നിയമവിരുദ്ധമായും എന്റെ സമ്മതമില്ലാതെയും പേ സി എം എന്ന കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി എടുത്തിരിക്കുന്നത് . എന്റെ ചിത്രം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഇതിനെതിരെ ഞാന്‍ നിയമനടപടി സ്വീകരിക്കും.’അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും സിദ്ധരാമയ്യയെയും അദ്ദേഹം പോസ്റ്റില്‍ ടാഗ് ചെയ്യുകയും വിഷയം പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group