സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്സ് ലൈസന്‍സും നല്കാന് സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്സ് ലൈസൻസ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പാണ് രംഗത്തെത്തിയിരിക്കുന്നത്. ഹയര്‍ സെക്കൻഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങൾ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് കൈമാറും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. എന്നാല്‍ 18 വയസ്സ് തികഞ്ഞാല്‍ മാത്രമാകും വാഹനം ഓടിക്കാന്‍ അനുവാദം.
സംസ്ഥാനത്ത് പ്ലസ്ടു പാസാകുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും.
ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രധാനമായും രണ്ടു നേട്ടങ്ങളാണ് വകുപ്പ് കാണുന്നത്. ലേണേഴ്സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ നിലവിലുള്ള ക്രമക്കേടുകള്‍ അവസാനിപ്പിക്കാം എന്നതാണ് അതില്‍ ഒന്നാമത്തേത്. റോഡ് നിയമങ്ങളേക്കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്മാരാവുകയും ചെയ്യും എന്നതാണ് മറ്റൊന്ന്.
ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. കൗമാരക്കാരിലാണ് ഗതാഗത നിയമലംഘനങ്ങള്‍ കൂടുതലായും കണ്ടെത്തുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പ്ലസ് ടു പരീക്ഷയ്ക്കൊപ്പം ലേണേഴ്സ് ലൈസന്‍സ് കൂടി ഉള്‍പ്പെടുത്താമെന്നാണ് തീരുമാനം.
അതായത് പ്ലസ് ടു പാഠ്യപദ്ധതിയില്‍ ഗതാഗത നിയമങ്ങള്‍ കൂടി വിദ്യാര്‍ഥികളെ പഠിപ്പിക്കും. പരീക്ഷ പാസായാല്‍ 18 വയസ് തികഞ്ഞ് ലൈസന്‍സിന് അപക്ഷിക്കുന്ന സമയത്ത് ലേണേഴ്സ് ടെസ്റ്റ് പ്രത്യേകമായി എഴുതേണ്ടി വരില്ല.
വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ലേണേഴ്സ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. ട്രാഫിക് നിയമങ്ങളും ഒപ്പം ബോധവത്കരണവും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
ഇതിനാവശ്യമായ കരിക്കുലം ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയത്. ഇത് ഗതാഗതമന്ത്രി ആന്റണി രാജു ഈ 28ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൈമാറും. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ കേന്ദ്ര വാഹന ഗതാഗത നിയമത്തിലടക്കം മാറ്റം വരുത്തണം. അതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
ആര്.ആര്.ആര്. ഓസ്കാര്‍ സാധ്യതാ പട്ടികയില്‍
എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ആര്.ആര്.ആര്. ഓസ്കാര്‍ സാധ്യതാ പട്ടികയില്‍ എന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാഗസീന് വെറൈറ്റി പുറത്തുവിട്ട ഓസ്കാര്‍ സാധ്യതാ പട്ടികയില്‍ ആണ് ചിത്രത്തിന്റെ പേരുള്ളത്.
അഞ്ച് കാറ്റഗറിയിലെ സാധ്യതയാണ് മാഗസീന് പ്രവചിക്കുന്നത്. മികച്ച വിദേശ ചിത്രം, സംവിധായകന്, ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സ്ക്രീന്‍ പ്ലേ, മികച്ച നടന് എന്നീ കാറ്റഗറികളിലെ നോമിനേഷനുകളില്‍ ആര്.ആര്.ആറിന് സാധ്യത കല്പിക്കുന്നുണ്ട്.
മികച്ച നടനുള്ള നോമിനേഷനില്‍ വെറൈറ്റി സാധ്യത പറയുന്നത് ജൂനിയര്‍ എന്‍.ടി.ആറിനും രാം ചരണുമാണ്. ആര് അവാര്‍ഡ് സ്വന്തമാക്കുമെന്ന ചര്‍ച്ചയും പോളുകളും സംഘടിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍.
ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളുടെ കഥ പറയുന്ന ചിത്രമാണ് ആര്.ആര്.ആര്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടെക്നിക്കല്‍ ബ്രില്ല്യന്‍സ് കൊണ്ടും ചിത്രീകരണ മികവുകൊണ്ടും അഭിനയം കൊണ്ടും ആര്.ആര്.ആര്. ലോകമെമ്ബാടും ശ്രദ്ധിക്കപ്പെട്ടിരുന്നു.