Home Featured ബെംഗളൂരു: മഴയ്ക്ക് ശമനം;കുടക് ജില്ലയിൽ റെഡ് അലർട്ട് പിൻവലിച്ചു

ബെംഗളൂരു: മഴയ്ക്ക് ശമനം;കുടക് ജില്ലയിൽ റെഡ് അലർട്ട് പിൻവലിച്ചു

ബെംഗളൂരു: കുടക് ജില്ലയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. ഇതേ തുടർന്ന് ഇന്നലെ റെഡ് അലർട്ട് പിൻവലിച്ചു. 3 ദിവസത്തെ അവധിക്കു ശേഷം ഇന്നു സ്കൂളുകൾ തുറക്കും. അതേസമയം, മടിക്കേരി – മംഗളൂരു ഹൈവേയിൽ രാത്രി ഗതാഗത നിരോധനം ഏർപ്പെടുത്തി.കഴിഞ്ഞ 2 ദിവസവും ജില്ലയിൽ ഡപ്യൂട്ടി കമ്മിഷണർ (കുടക് കലക്ടർ) അവധി പ്രഖ്യാപിച്ചിരുന്നു. ഹാരംഗി അണക്കെട്ടിൽ നിന്നു ഇപ്പോഴും വെള്ളം തുറന്നു വിടുന്നുണ്ട്.

കാലവർഷ ജാഗ്രതയുടെ ഭാഗമായി മാക്കൂട്ടം – പെരുമ്പാടി- വിരാജ്പേട്ട ചുരം പാതയിൽ ഉൾപ്പെടെ കുടകിലെ എല്ലാ പ്രധാന പാതകളിലും വലിയ ഭാര വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.കുടക് ജില്ലയിൽ ഇതു 2-ാം ഘട്ടം ആണു മഴ തീവ്രമായത്. ജൂലൈ ആദ്യവാരം മുതൽ 2 ആഴ്ചക്കാ ലം തുടർച്ചയായി തീവ്ര മഴ ആയിരുന്നു.

200 ഓളം വീടുകൾ തകരുകയും ബാഗമണ്ഡലം മടിക്കേരി റോഡ് ഉൾപ്പെടെ തകരുകയും ചെയ്തിരുന്നു.ജനജീവിതം സാധാരണ നിലയിലേക്കു വരുമ്പോഴാണ് ഒരാഴ്ച മുൻപ് വിണ്ടും കാലവർഷം ശക്തിപ്പെട്ടത്.ജനുവരി മുതൽ ഇന്നലെ പെയ്തമഴ 2485.44 മില്ലീ മീറ്ററാണ്.ഇക്കുറി മടിക്കേരി താലൂക്കിൽ ആണു കൂടുതൽ മഴ.

ഹൈവേയിൽ മണ്ണിടിച്ചിൽ രൂക്ഷമായതിനാൽ രാത്രി 9 മുതൽ രാവിലെ 6.30 വരെ റോഡ് അടച്ചിടാൻ മടിക്കേരി ഡപ്യൂട്ടി കമ്മിഷനർക്ക് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അപേക്ഷ നൽകുകയായിരുന്നു.സംസ്ഥാനത്ത് ശിവമൊഗ്ഗ, ചിക്ക മഗളൂരു, ബെളഗാവി ജില്ലകളിൽ കനത്ത മഴയിൽ 5000 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. സംസ്ഥാനത്ത് ഇതുവരെ കാലവർഷക്കെടുതിയിൽ 5000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

ജൂൺ, ജൂലൈയിലായി 18927 ഹെക്ടറിലും ഈ മാസം ആദ്യവാരം 4000 ഹെക്ടറിലുമാണ് കൃഷിനാശമുണ്ടായത്. 12000 കിലോമീറ്റർ റോഡും 5000 സ്കൂൾ കെട്ടിടങ്ങളും 1150 പാലങ്ങളും തകർന്നു. കേന്ദ്ര സർക്കാരിനോടു കൂടുതൽ നഷ്ടപരിഹാ രം തേടാനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും റവന്യു മന്ത്രി ആർ.അശോകയും അടുത്തയാഴ്ച ഡൽഹി സന്ദർശിച്ചേക്കും.

You may also like

error: Content is protected !!
Join Our WhatsApp Group