Home Featured നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 12 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. 

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അദ്ദേഹം നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1978 ൽ ഭരതനാണ് ഇദ്ദേഹത്തെ ആരവമെന്ന സിനിമയിലൂടെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ൽ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. 1980 ൽ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തൻ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.

തിരുവനന്തപുരം സ്വദേശിയായ പ്രതാപിന്റെ വിദ്യാഭ്യാസം ഊട്ടിയിലെ ബോർഡിങ് സ്‍കൂളിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായിട്ടായിരുന്നു. പിന്നീട് മുംബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് കയറി. ഇവിടെ വെച്ച് നാടകാഭിനയത്തിൽ സജീവമായി. ഇതിലൂടെയാണ് ഭരതനെ പരിചയപ്പെട്ടത്. ഇതോടെ ജീവിതം വെള്ളിത്തിരയിലേക്ക് മാറി.

മലയാളത്തിൽ ലഭിച്ചതിലുമേറെ അവസരം പ്രതാപ് പോത്തന് തമിഴിലായിരുന്നു കിട്ടിയത്. 1987 ൽ ഋതുഭേദം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധാനത്തിലേക്ക് കടന്നത്. പിന്നീട് ഡെയ്സി, ഒരു യാത്രാമൊഴി എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. തമിഴിൽ ജീവ, വെട്രി വീഴ, സീവലപെരി പാണ്ടി, ലക്കി മാൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group