ബെംഗളുരു • വൈറ്റ്ഫീൽഡ് ഗായത്രി ടെക് പാർക്കിലെ എത്തിക്കൽ ഇൻഫോടെക് എന്ന വ്യാജ കോൾ സെന്ററിൽ റെയ്ഡ്, 72 ജീവനക്കാർ അറസ്റ്റിൽ.കംപ്യൂട്ടറുകളും ലാപ്ടോപ്പുകളുമടക്കം 2 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തു.
ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് സൂത്രധാരന്മാരായ 6 പേരെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളെയാണ് തട്ടിപ്പിനായി റികൂട്ട് ചെയ്തിരുന്നത്.
സഹായിക്കാനെന്ന വ്യാജേന തട്ടിപ്പ്
യുഎസിൽ നിന്നുള്ളവരെയാണു സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടിലോ, ഓൺലൈൻ വ്യാപാര പോർട്ടലായ ആമസോൺ അക്കൗണ്ടിലോ സംശയാസ്പദമായ ഇടപടു നടന്നെന്ന് ഇ-മെയിലായോ, എസ്എംഎസായോ ഇന്റർനെറ്റ് കോൾ മുഖേനയോ മുന്നറിയിപ്പു നൽകുന്നതാണ് തട്ടിപ്പിന്റെ തുടക്കം.
ആമസോണിൽ നിന്നോ ബാങ്കിൽ നിന്നോ വിളിക്കുകയാണെന്നു പരിചയപ്പെടുത്തും. വലയിൽ കുടുങ്ങുന്നവരുടെ സാമൂഹിക സുരക്ഷാ അക്കൗണ്ട് നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും കൈക്കലാക്കുകയാണ് അടുത്ത പടി.
ആമസോൺ ഗിഫ്റ്റ് കാർഡായും ക്രിപ്റ്റോ കറൻസിയായും മണി ട്രാൻസ്ഫർ ആപ്പുകൾ മുഖേനയും പണം തട്ടിയെടുക്കും. വ്യാജ സ്കൂൾ വാനുകളിലാണു ജോലിക്ക് എത്തിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.
ചീഫ് കമ്മിഷണറുടെ പേരിലും തട്ടിപ്പ്
ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിന്റെ പേരിൽ വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുണ്ടാക്കി ആമസോൺ ഗിഫ്റ്റ് കാർഡുകൾ ആവശ്യപ്പെട്ടെന്ന് സൈബർ പൊലീസിൽ പരാതി ലഭിച്ചു. വാട്സാപ്പിൽ തുഷാർ ഗിരിനാഥിന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ടുണ്ടാക്കിയത്.
ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിനോട് ആമസോൺ ഗിഫ്റ്റ് കാർഡ് വാങ്ങാൻ ആവശ്യപ്പെട്ട് ലിങ്ക് അയച്ചതോടെയാണ് തട്ടിപ്പു പുറത്തുവന്നത്. ബിബിഎംപിയിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർക്കും കഴിഞ്ഞ 2 ദിവസമായി സമാന സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.
വിഐപികളുടെ പേരിൽ ഫെയ് സ്ബുക്കിലും വാട്സാപ്പിലും ട്വിറ്ററിലും മറ്റും വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു പണം ആവശ്യപ്പെടുന്ന തട്ടിപ്പുരീതി വ്യാപകമാണ്. ഹൈക്കോടതി ജഡ്ജിയുടെയും കേന്ദ്ര നികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണറുടെയും പേരിൽ നേരത്തെ സമാന തട്ടിപ്പ് അരങ്ങേറിയിരുന്നു.