ബിഗ് ബോസ് മലയാളം സീസണിന്റെ ഏറ്റവും ആകാംക്ഷഭരിതമായ നിമിഷമാണ് ഇപ്പോള്‍ കഴിഞ്ഞത്. മൂന്ന് പേരില്‍ നിന്ന് ഒരാളെ പുറത്താക്കുന്ന പ്രക്രിയ ശ്വാസമടക്കി പിടിച്ചുകൊണ്ടാണ് എല്ലാവരും കണ്ടത്. ഒടുവില്‍ പ്രഖ്യാപനം വന്നപ്പോള്‍ എല്ലാവരും അമ്പരന്നിട്ടുമുണ്ടാകും. ബിഗ് ബോസ് മലയാളം സീസണ്‍ വിജയിയാകുമെന്ന് കരുതിയിരുന്ന റിയാസാണ് പുറത്തായിരിക്കുന്നത് (Bigg Boss).
മൂന്ന് പേരില്‍ നിന്ന് ഒരാളെ പുറത്താക്കുക എന്നത് അത്യധികം ആകാംക്ഷയും പിരിമുറക്കവും നിറഞ്ഞതാണെന്ന് മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ആക്റ്റീവീറ്റി ഏരിയയില്‍ പോയി ബിഗ് ബോസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു മോഹൻലാല്‍ പറഞ്ഞത്. വ്യത്യസ്‍ത പ്രകാശ വിന്യാസങ്ങളായിരുന്നു ആക്റ്റീവിറ്റി ഏരിയയില്‍ ഉണ്ടായത്. ബിഗ് ബോസ് വിജയിക്ക് ലഭിക്കുന്ന ട്രോഫി അവിടെ കാണിച്ചു. ആരുടെ ദേഹത്താണോ വെളിച്ചം തെളിയുന്നത് അവര്‍ ട്രോഫിക്ക് അരികിലേക്ക് മുന്നോട്ട് വന്ന് നില്‍ക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ നില്‍ക്കുമ്പോള്‍ ആരുടെ ദേഹത്താണോ ചുവപ്പ് വെളിച്ചം തെളിയുന്നത് അവര്‍ പുറത്താകും എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. അങ്ങനെ റിയാസ് പുറത്തായി.
മത്സരാര്‍ഥികള്‍ 20 പേര്‍
ഇരുപത് പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. മാര്‍ച്ച് 27നായിരുന്നു നാലാം സീസണിന്‍റെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാര്‍ഥികളെയാണ് അവതാരകനായ മോഹന്‍ലാല്‍ അന്ന് അവതരിപ്പിച്ചത്. നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്‍മിന്‍ എം മൂസ, അഖില്‍, നിമിഷ, ഡെയ്‍സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്‍റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരായിരുന്നു ആ 17 പേര്‍. പിന്നീട് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മണികണ്ഠന്‍ വന്നു. പിന്നീടുള്ള രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ ഒരുമിച്ചാണ് എത്തിയത്. വിനയ് മാധവും റിയാസ് സലിമുമായിരുന്നു അവര്‍. ഇതില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്‍ടിച്ച റോബിന്‍ രാധാകൃഷ്‍ണന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിന്‍ സ്വന്തം തീരുമാനപ്രകാരം ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്‍തു.
ഫിനാലെയിലെ ആറ് പേരില്‍ മൂന്നാമത് പുറത്തായ മത്സരാര്‍ഥി ആയിരുന്നു ലക്ഷ്മി. ബിഗ് ബോസ് വേദിയില്‍ ഷോ അനുഭവത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിന് ലക്ഷ്മിപ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു
ഒട്ടും ഈസി ആയിട്ടുള്ള വഴിയല്ല ബിഗ് ബോസ് സീസണ്‍ 4ന്‍റെ 100 ദിവസങ്ങള്‍ എന്നു പറയുന്നത്. ഞാന്‍ വളരെയധികം അഭിമാനിക്കുന്നു എന്നെയോര്‍ത്ത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു. എന്‍റെ ഗുരുക്കന്മാര്‍ക്ക്, ജയേഷേട്ടന്, എന്‍റെ മോള്‍ക്ക്, എന്‍റെ കൂടെയുണ്ടായിരുന്ന 20 പേര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. നിങ്ങള്‍ തന്ന ചിരിയാണ് എന്നെ പൊട്ടിച്ചിരിപ്പിച്ചത്. നിങ്ങള്‍ സമ്മാനിച്ച ഓരോ വികാരങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്റെ ദേഷ്യം പുറത്തുകൊണ്ടുവന്നു, എന്‍റെ സങ്കടങ്ങള്‍, എന്‍റെ എല്ലാം, ലക്ഷ്മി പറഞ്ഞുനിര്‍ത്തി.
ഫിനാലെയിലെ മൂന്നാമത്തെ എവിക്ഷന്‍ ബിഗ് ബോസ് പ്രഖ്യാപിച്ചത് ഏറെ കൌതുകകരമായ തരത്തിലായിരുന്നു. ബിഗ് ബോസിന്‍റെ നിര്‍ദേശമനുസരിച്ച് പെരുമാറാനായിരുന്നു മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് പറഞ്ഞത്. പിന്നാലെ ബിഗ് ബോസ് വീടിന്‍റെ മുഖ്യ വാതില്‍ തുറന്ന് നാല് ബൈക്കര്‍മാര്‍ എത്തി. ബുള്ളറ്റ് ബൈക്കുകളില്‍ ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ചിരുന്നു ഇവര്‍. അവരവരുടെ പേരുകള്‍ എഴുതിവച്ച ബൈക്കുകളില്‍ കയറാനായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. തുടര്‍ന്ന് ഗാര്‍ഡന്‍ ഏരിയയില്‍ കുറച്ചുനേരം ഓടിച്ചശേഷം ഒരു ബൈക്ക് മാത്രം പുറത്തേക്ക് പോയി. പുറത്തായ ആള്‍ ഇരുന്ന ബൈക്ക് ആയിരുന്നു അത്. ലക്ഷ്മിപ്രിയയായിരുന്നു ആ ബൈക്കില്‍ ഉണ്ടായിരുന്നത്. ഇതോടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നിന്ന് പുറത്താവുന്ന മൂന്നാമത്തെ മത്സരാര്‍ഥിയായി ലക്ഷ്മിപ്രിയ.