മംഗളൂരു: ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ മംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.648 കിലോ 24 കാരറ്റ് സ്വര്‍ണവുമായി സ്ത്രീയുള്‍പെടെ രണ്ടു മലയാളി യാത്രക്കാര്‍ അറസ്റ്റില്‍.മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിനി സീനത്ത് ബാനു (45), നീലേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് ഇഖ്ബാല്‍ (47) എന്നിവരാണ് പിടിയിലായത്.
സീനത്തില് നിന്ന് 86,89,440 രൂപ വിലമതിക്കുന്ന 1.684 കിലോ സ്വര്‍ണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കി സാനിറ്ററി പാഡിനുള്ളില്‍ വച്ച് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇഖ്ബാലില്‍ നിന്ന് 4,97,424 രൂപ വിലമതിക്കുന്ന 964 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
സെലോയ്ഡ് ടേപിലും ഗര്‍ഭനിരോധന ഉറയിലും പൊതിഞ്ഞ് നാല് ഗോളങ്ങളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെടുത്തത്. കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.സന്തോഷ് കുമാര്‍, എം.ലളിതരാജ്, വി.എസ്. അജിത്കുമാര്‍, പ്രീതി സുമ, ഹരിമോഹന്‍, വിരാഗ് ശുക്ല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റുചെയ്തത്.പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.