പത്തനംതിട്ട: ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പരസ്യമായി പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല.’ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം.വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
പ്രേക്ഷകപ്രീതി നേടിയിട്ടും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പട്ടികയില്‍ ‘ഹോം’ പൂര്‍ണമായി പുറത്താക്കപ്പെട്ടതില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം.ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെ പിന്തുണച്ചും ജൂറിയെ വിമര്‍ശിച്ചും രംഗത്തെത്തിയത്.
ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ വിജയ് ബാബുവിന്റെ പേരില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതാണ് ചിത്രത്തെ തഴയാന്‍ കാരണമെന്നാണ് ആരോപണങ്ങള്‍. സിനിമക്ക് അര്‍ഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും മികച്ച നടനുള്‍പ്പെടെയുള്ള പുരസ്കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും സംവിധായകന്‍ റോജിന്‍ തോമസ് പറഞ്ഞു. മാറ്റിനിര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അതൊരു തെറ്റായ പ്രവണതയാണെന്നും സംവിധായകന്‍ വ്യക്തമാക്കി.
അതേസമയം, മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്‍സിന് നല്‍കാത്തതില്‍ പരോക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ ഷാഫി പറമ്ബില്‍ രംഗത്തെത്തി. ‘ഹോം’ സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രം ഒലിവര്‍ ട്വിസ്റ്റിന്റെ ചിത്രം ഷാഫി ഫേസ്ബുക്കില്‍ പങ്കുവെച്ചു.
ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങളെന്നും ‘അടിമകള്‍ ഉടമകള്‍’ നല്ല സിനിമയാണെന്നും ടി. സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചു.
‘ഹോം’ സിനിമയില്‍ ഇന്ദ്രന്‍സ് പറയുന്ന ഡയലോഗ് ഉപയോഗിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. “ഇത് നീ വിശ്വസിച്ചില്ലെങ്കില്‍, ഇനി പറയാന്‍ പോണത് നീ വിശ്വസിക്കത്തേയില്ല….”എന്നും മികച്ച അഭിനയത്തിന് സര്‍ക്കാറിന് അഭിവാദ്യങ്ങള്‍… എന്നും രാഹുല്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.
ഫേസ്ബുക്കിലെ മറ്റ് പ്രതികരണങ്ങള്‍:
പ്രിയപെട്ട ഇന്ദ്രന്‍സ് സാര്‍,
താങ്കള്‍ സൗമ്യനും നിഷ്കളങ്കനുമായ നല്ല മനുഷ്യനാണ്, ഭൂരിഭാഗം സിനിമാസ്വാദകരായ മലയാളികള്‍ക്കുമൊപ്പം ഞാനും പ്രതീക്ഷിച്ചിരുന്നു നല്ല നടനുള്ള അവാര്‍ഡ് താങ്കള്‍ക്ക് ആയിരിക്കുമെന്ന് കാരണം ഈ ഇടേ ഇറങ്ങിയ സിനിമകളിലെല്ലാം താങ്കള്‍ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു, പക്ഷെ താങ്കള്‍ക്കറിയില്ലല്ലോ ഈ കെട്ട കാലത്ത് കലയോട് ആത്മാര്‍പ്പണം മാത്രം പോരാ എന്നുള്ളത്,
ഭരണവര്‍ഗത്തിന്റെ ചട്ടുകങ്ങളായി മാറേണ്ടിടത്ത് അതായി മാറണം, എഴുതി തയ്യാറാക്കിയ തിരക്കഥക്ക് തനിമ ചോരാതെ പൊതുജനത്തിനു മുമ്ബില്‍ അഭിനയിക്കണം, ചാനല്‍ ക്യാമറകള്‍ക്ക് മുന്‍പില്‍ പ്രതികരണ ശേഷിയുള്ള വെറും പൗരനായി വിണ്ണില്‍ നിന്നിറങ്ങിവന്ന് താരം അട്ടഹസിക്കണം അതാണ് അഭിനയം,
പ്രിയ ഇന്ദ്രന്‍സ് സാര്‍ താങ്കള്‍ക്ക് അതാണ് അറിയാത്തതും, നടു റോഡില്‍ കാണിച്ച ഷോക്ക് പ്രത്യുപകാരമായി നല്‍കിയ അവാര്‍ഡിനേക്കാള്‍ എത്രയോ മുകളിലാണ് പ്രേഷക ഹൃദയങ്ങളില്‍ താങ്കള്‍കുള്ള സ്ഥാനം,,, ആ തട്ട് താണ് തന്നെയിരിക്കും,
– റനീസ് കവാട്
ഇന്ദ്രന്‍സ് ചേട്ടന് എല്ലാവിധ വിജയാശംസകളും ഹോം സിനിമ വിജയിച്ചതിലുള്ള അസൂയക്കും. അതില്‍ അഭിനയിച്ച ഇന്ദ്രന്‍സ് ചേട്ടന്‍റെ കഷണ്ടിക്കും മരുന്നില്ല . ഇവിടെ കുറച്ച് ആളുകള്‍ ഉണ്ട് അവരാണ് കേരളത്തിലെ ഏറ്റവും വലിയ സിനിമ സംവിധായകര്‍ എന്ന് സ്വയം വിശ്വസിച്ച് ഇരിക്കുന്നവര്‍ പുതിയ ആളുകള്‍ വന്നു സിനിമ സംവിധാനം ചെയ്ത് വിജയിച്ചാല്‍ ഈ കൂട്ടര്‍ക്ക് ഇരിക്കാനും പറ്റില്ല നില്‍ക്കാന്‍ പറ്റില്ല ഒരു മൂട്ടില്‍ തീ പിടിച്ച അവസ്ഥയാണ്.. ഇനി പപ്പു ചേട്ടന്‍ പറഞ്ഞ പോലെ …മിണ്ടാതെ… ഉരിയാടാതെ…ഉംം
-ജോണ്‍ കെ.എക്സ്
ജനങ്ങള്‍ മനസ്സു കൊണ്ട് മികച്ച നടനുള്ള അവാര്‍ഡ് ഇന്ദ്രന്‍സ് ചേട്ടന് എപ്പോഴേ കൊടുത്തു കഴിഞ്ഞു… സര്‍ക്കാര്‍ കയ്യില്‍ കൊടുക്കുന്ന അവാര്‍ഡിനേക്കാളും ജനങ്ങള്‍ മനസ്സില്‍ കൊടുക്കുന്ന അവാര്‍ഡ് തന്നേയാണ് വലുത്
-ഷക്കീര്‍ ശുകപുരം
വിജയ് ബാബുവിനെതിരായ പരാതിയും ഹോമിന് പുരസ്കാരം നല്‍കാത്തതും തമ്മില്‍ ബന്ധമില്ലെന്ന് ജൂറി ചെയര്മാന് സയ്യിദ് അഖ്തര്‍ മിര്‍സ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഹോമിന് പുരസ്കാരം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ബന്ധമില്ലെന്നും അവാര്‍ഡ് നിര്‍ണയത്തില്‍ മന്ത്രിയെന്ന നിലയില്‍ ഇടപെട്ടിട്ടില്ലെന്നും സജി ചെറിയാനും അറിയിച്ചിരുന്നു.