ബെംഗളൂരു: ഓൺലൈൻ ഷോപ്പിംങ് സൈറ്റിന്റെ പേരിൽ പരിചയപ്പെടുത്തി യുവതിയിൽ നിന്ന് 34,000 രൂപ തട്ടിയെടുത്തതായി പരാതി. ബംഗളൂരു സാംപിനെഹള്ളി സ്വദേശിയായ യുവതിയാണ് സൈബർ ക്രൈം പോലീസിന് പരാതി നൽകിയത്.ദിവസങ്ങൾക്കു മുമ്പ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലൂടെ യുവതി ഒരു വീട്ടുപകരണം ഓർഡർ ചെയ്തിരുന്നു.
എന്നാൽ ദിവസമേറെ കഴിഞ്ഞിട്ടും ഓർഡർ ചെയ്ത വീട്ടുപകരണം ലഭിക്കാത്തതിനെത്തുടർന്ന് യുവതി ഗൂഗിളിൽ സെർച്ച് ചെയ്ത് കമ്പനിയുടെ കസ്റ്റമർ കെയർ നമ്പർ കണ്ടെത്തുകയും അതിലേക്ക് വിളിക്കുകയുമായിരുന്നു.ഓർഡർ ചെയ്യുന്ന സമയത്ത് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഫോണിൽ ‘എനി ഡെസ്ക് എന്ന ആപ് ഡൗൺലോഡ് ചെയ്യണമെന്നും കസ്റ്റമർകെയർ എക്സിക്യുട്ടീ വെന്ന്പരിചയപ്പെടുത്തിയയാൾ നിർദേശിച്ചു.
ആപ് ഡൗൺലോഡ് ചെയ്ത യുവതി ഇതിൽ വന്ന ഒ.ടി.പി. ഇയാൾക്ക് നൽകുകയും ചെയ്തു. ഉടൻ തന്നെ യുവതിയുടെ അക്കൗണ്ടിൽനിന്ന് 34,000 രൂപ നഷ്ടപ്പെടുകയായിരുന്നു. നേരത്തെ വിളിച്ച നമ്പറിൽ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. താടെ യുവതി ബെംഗളൂരു നോർത്ത് ഡിവിഷൻ സൈബർ ക്രൈം പോലീസിനെ സമീപിക്കുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഫോണിലെ വിവരങ്ങൾ കൈമാറുന്നതരത്തിലുള്ള ആപ്പുകൾ യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.