ബംഗളൂരു: നിയന്ത്രണം വിട്ട് അതിവേഗം പാഞ്ഞുവന്ന ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്.
ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയില്‍ വന്ന സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി പിന്നില്‍ സഞ്ചരിക്കുന്ന കാറിന്റെ അടിയിലേക്ക് വീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
കര്‍ണാടകയിലെ മംഗളൂരുവില്‍ ഉച്ചയ്ക്ക് 1.20നായിരുന്നു അപകടം. സ്കൂട്ടര്‍ യാത്രക്കാരിയും പിന്നില്‍ സഞ്ചരിച്ചിരുന്ന കാറിലെ ഡ്രൈവറും ആശുപത്രിയില്‍ ചികിത്സയിലാണ്. സ്കൂട്ടറിന്റെ പിന്നില്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചാണ് ബിഎംഡബ്ല്യൂ കാര്‍ നിന്നത്.
ഡിവൈഡറില്‍ റോഡ് മുറിച്ച് കടക്കാന്‍ കാത്തുനിന്ന സ്ത്രീ കഷ്ടിക്കാണ് രക്ഷപ്പെട്ടത്. സ്ത്രീയുടെ തൊട്ടരികിലൂടെയാണ് ബിഎംഡബ്ല്യൂ കാര്‍ ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയിലെ റോഡിലെത്തിയത്. കാറിന്റെ വരവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ നിന്നിരുന്ന സ്ത്രീ വീഴുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞുവന്ന ബിഎംഡബ്ല്യൂ കാര്‍ ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറും യാത്രക്കാരിയും പിന്നില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ അടിയിലേക്ക് തെറിച്ചുവീഴുന്നതും ഇരുകാറുകളും തമ്മില്‍ ഉരസുന്നതും കാണാം