Home Featured കർണാടക നിലനിർത്താൻ ‘ഹലാലും ഹിജാബും’ മാത്രം പോര; ബൊമ്മെക്ക് നിർദ്ദേശവുമായി ദേശീയ നേതൃത്വം

കർണാടക നിലനിർത്താൻ ‘ഹലാലും ഹിജാബും’ മാത്രം പോര; ബൊമ്മെക്ക് നിർദ്ദേശവുമായി ദേശീയ നേതൃത്വം

by admin

അടുത്ത വർഷമാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 2019 ൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിച്ച് കൊണ്ടായിരുന്നു ബി ജെ പി സംസ്ഥാനത്ത് അധികാരം പിടിച്ചത്. അതുകൊണ്ട് തന്നെ കോൺഗ്രസിനെ സംബന്ധിച്ച് ഇക്കുറി സംസ്ഥാനത്ത് അഭിമാന പോരാട്ടമാണ്. എന്നാൽ ദക്ഷിണേന്ത്യയിൽ തങ്ങൾക്ക് ഭരണമുള്ള ഏക സംസ്ഥാനത്ത് അധികാര തുടർച്ച നേടാനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി. ഭരണം നിലനിർത്താൻ വേറിട്ട തന്ത്രങ്ങൾ പയറ്റണമെന്ന നിർദ്ദേശമാണ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കൾക്ക് നൽകുന്നത്.

അടുത്തിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മി ദില്ലിയിൽ ദേശീയ നേതാക്കളെ സന്ദർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ചും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള മന്ത്രിസഭ വികസനം സംബന്ധിച്ചും ചർച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്ത് ഹലാൽ, ഹിജാബ് വിവാദങ്ങൾ കൊണ്ട് മാത്രം പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്നാണ് ദേശീയ നേതൃത്വം നൽകിയ നിർദ്ദേശം.

ഹലാൽ, ഹിജാബ് വിവാദങ്ങൾ ബി ജെ പിക്ക് വലിയ രീതിയിൽ ഗുണം ചെയ്തെന്ന വിലയിരുത്തലുകൾ ഉണ്ട്. എന്നാൽ വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളും തിരഞ്ഞെടുപ്പിന് ഉയർത്തിക്കാട്ടണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. മന്ത്രിസഭ വികസനത്തിനും ദേശീയ നേതൃത്വം അനുമതി നൽകിയിട്ടുണ്ടെന്നാണ് സൂചന. പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയും സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി ജെ പി ജനറൽ സെക്രട്ടറി അരുൺ സിംഗും അടുത്തയാഴ്ചയോടെ സംസ്ഥാനം സന്ദർശിക്കും. ഇതിന് ശേഷമായിരിക്കും അന്തിമ തിരുമാനം.

യുപി ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വെക്കാൻ കഴിഞ്ഞ സാഹചര്യത്തിൽ കർണാടകത്തിൽ തിരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ബി ജെ പി നീക്കം നടത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെ തള്ളുകയാണ് പാർട്ടി വൃത്തങ്ങൾ. ഗുജറാത്തിനും ഹിമാചൽ പ്രദേശിനും ഒപ്പം കർണാടക തിരഞ്ഞെടുപ്പും നടത്തണമെന്നായിരുന്നു ചില നേതാക്കളുടെ ആവശ്യം. എന്നാൽ ദേശീയ നേതൃത്വം ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും നേതാക്കൾ പറയുന്നു.

അത്തരമൊരു സാഗചര്യം ഉണ്ടാകില്ല. പകരം മന്ത്രിസഭ വികസനത്തിന് ശേഷം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നതാണ് ബൊമ്മിക്ക് ലഭിച്ച നിർദ്ദേശം. പ്രത്യേകിച്ച് ജലവതിരണം ഉൾപ്പെടെയുള്ള പദ്ധതികൾ. ബിജെപിക്കെതിരെ കർഷക രോഷം ഉണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇത് മറികടക്കാനുള്ള നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് നേതൃത്വം നിർദ്ദേശിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

ഹിജാബ്, ഹലാൽ മാംസം തുടങ്ങിയ വിവാദങ്ങളും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള മറ്റ് വിവാദങ്ങളും ഹിന്ദുവോട്ടുകൾ തുണയ്ക്കാൻ സഹായിച്ചേക്കും. എന്നാൽ അധികാരം നിലനിർത്താൻ മികച്ച പ്രവർത്തന റിപ്പോർട്ട് ആവശ്യമാണ്. വികസനവും പുരോഗതിയും ആയിരിക്കണം ബി ജെ പിയുടെ പ്രധാന തിരഞ്ഞെടുപ്പ് പദ്ധതിയെന്ന് പ്രധാനമന്ത്രി മോദി പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്, നേതാക്കൾ വ്യക്തമാക്കി.

അതിനിടെ വിവാദ വിഷയങ്ങളിലെ നേതാക്കളുടെ നിലപാടുകളും പ്രതികരണങ്ങളും തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്ന് നേതാക്കൾ പറയുന്നു. ബിജെപിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ള ചിലർ ഹലാൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീവ്ര നിലപാടുകൾ പരസ്യമായി പങ്കിട്ടിരുന്നു. ഇത് പ്രതിപക്ഷം വലിയ രീതിയിൽ ആയുധമാക്കുകയും ചെയ്തിരുന്നു.

ശ്രീരാമനവമിക്ക് ബെം​ഗളൂരുവില്‍ കശാപ്പും ഇറച്ചി വില്‍പനയും പാടില്ല; ഉത്തരവുമായി ബിബിഎംപി

ബെംഗളൂരു: ശ്രീരാമനവമി ദിനത്തില്‍ ബെം​ഗളൂരുവില്‍ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വില്‍ക്കുന്നതും നിരോധിച്ചു.
ബെം​ഗളൂരു ബൃഹത് ന​ഗരെ പാലികെ (ബിബിഎംപി)യുടേതാണ് തീരുമാനം. ബിബിഎംപി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശ്രീരാമനവമി ദിനത്തില്‍ അറവുശാലകള്‍, കന്നുകാലി കശാപ്പ്, മാംസ വില്‍പന എന്നിവ നിരോധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉത്തരവില്‍ പറയുന്നു. ഞായറാഴ്ചയാണ് ശ്രീരാമ നവമി. ശ്രീരാമനവമി ദിനത്തില്‍ മാത്രമല്ല, ഗാന്ധിജയന്തി, സര്‍വോദയ ദിനം, മറ്റ് മതപരമായ ദിനങ്ങളിലും മാംസ വില്‍പനയും കശാപ്പും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ഷത്തില്‍ എട്ടു ദിവസമെങ്കിലും മാംസവില്‍പനക്കും കശാപ്പിനും നിരോധനമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group