ബെംഗളൂരു: ശ്രീരാമനവമി ദിനത്തില്‍ ബെംഗളൂരുവില്‍ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വില്‍ക്കുന്നതും നിരോധിച്ചു.
ബെംഗളൂരു ബൃഹത് നഗരെ പാലികെ (ബിബിഎംപി)യുടേതാണ് തീരുമാനം. ബിബിഎംപി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശ്രീരാമനവമി ദിനത്തില്‍ അറവുശാലകള്‍, കന്നുകാലി കശാപ്പ്, മാംസ വില്‍പന എന്നിവ നിരോധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉത്തരവില്‍ പറയുന്നു. ഞായറാഴ്ചയാണ് ശ്രീരാമ നവമി. ശ്രീരാമനവമി ദിനത്തില്‍ മാത്രമല്ല, ഗാന്ധിജയന്തി, സര്‍വോദയ ദിനം, മറ്റ് മതപരമായ ദിനങ്ങളിലും മാംസ വില്‍പനയും കശാപ്പും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ഷത്തില്‍ എട്ടു ദിവസമെങ്കിലും മാംസവില്‍പനക്കും കശാപ്പിനും നിരോധനമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
നവരാത്രിയോടനുബന്ധിച്ച് സൗത്ത് ദില്ലിയില്‍ മാംസ നിരോധനം; വിമര്‍ശനവുമായി മഹുവ മൊയിത്ര
ദില്ലി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സൗത്ത് ദില്ലിയില്‍ ഇറച്ചി വില്‍ക്കുന്ന കടകള്‍ നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയിത്ര രംഗത്ത്. ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശം ഹനിക്കപ്പെട്ടെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഭരണഘടന നല്‍കുന്ന അവകാശ പ്രകാരം എപ്പോള്‍ വേണമെങ്കിലും ഇറച്ചി കഴിക്കാം. അതുപോലെ തന്നെ ഇറച്ചി വില്‍പന ശാല നടത്താനും ഭരണഘടന അവകാശം നല്‍കുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ഇതെല്ലാം നിര്‍ത്തലാക്കിയിരിക്കുകയാണെന്നും മഹുവ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് സൗത്ത് ഡല്‍ഹി മേയര്‍ മുകേഷ് സൂര്യന്‍ നഗരസഭാ പരിധിയിലെ ഇറച്ചിക്കടകള്‍ നവരാത്രിയുടെ ഭാഗമായി അടച്ചിടണമെന്ന് നിര്‍ദേശിച്ചത്. ഒമ്ബത് ദിവസങ്ങളില്‍ ഭക്തര്‍ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതികളെ തുടര്‍ന്നാണ് തീരുമാനമെന്നും ആരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വ്രതകാലത്ത് പൊതുസ്ഥലത്ത് വെള്ളം കുടിക്കുന്നത് നിരോധിച്ചിരിക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലെ ഉത്തരവിന് സമാനമായി തീരുമാനത്തെ കണ്ടാല്‍ മതിയെന്നും മേയര്‍ പറഞ്ഞു. ദില്ലിക്കാരുടെ വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തത്. തുറസ്സായ സ്ഥലത്ത് മാംസം മുറിക്കുന്നത് ചിലര്‍ക്ക് പ്രശ്നമാണ്. ഇത് ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലെന്നും മേയര്‍ പറഞ്ഞു. ഒന്‍പത് ദിവസത്തെ ഉത്സവ വേളയില്‍ ഇറച്ചിക്കടകള്‍ അടച്ചിടാന്‍ ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറും ഉത്തരവ് നല്‍കി. നിരോധനാജ്ഞയെത്തുടര്‍ന്ന് ദില്ലിയിലെ നിരവധി ഇറച്ചി കടകള്‍ അടച്ചുപൂട്ടി.