ബെംഗളൂരു: രാഹുൽ ഗാന്ധിടെ രണ്ടു ദിവസത്തെ കർണാടക സന്ദർശനത്തിന് തുമക്കൂരുവിലെ സിദ്ധഗംഗാ മഠം സന്ദർശനത്തോടെ തുടക്കമായി. ഇന്നു 115-ാം ജയന്തി ആചരിക്കുന്ന ലിഗായത്ത് ആചാര്യൻ പരേതനായ ശിവ കുമാര സ്വാമിയുടെ സമാധിയിൽ രാഹുൽ ആദരമർപ്പിച്ചു.
ജയന്തി ചടങ്ങുകളിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും തുമക്കൂരുവിലെത്തുന്നുണ്ട്. ബിജെപിയുടെ പ്രബല വോട്ടുബാങ്കായ ലിംഗായത്തുകളുടെ ആശീർവാദത്തോടെ തിരഞ്ഞെടുപ്പു കാഹളം ഒരുങ്ങുന്നതിന്റെ തുടക്കമായാണ് അമിത്ഷായുടെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
ഇതിനും ഒരു ദിവസം മുൻപാണ് രാഹുലിന്റെ ലിംഗായത്ത് മഠം സന്ദർശനമെന്ന പ്രത്യേകതയുമുണ്ട്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പിസിസി അധ്യക്ഷൻ ഡി. കെ.ശിവകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇന്ന് ബെംഗളൂരുവിൽ കോൺഗ്രസ് നേതാക്കളുമായും സാമാജികരുമായും കൂടിക്കാഴ്ച നടത്തുന്ന രാഹുൽ മുൻ എംഎൽഎമാരെയും മുൻ എംപിമാരെയും 2018ലെ നിയമസഭ, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട പാർട്ടി സ്ഥാനാർതികളെയും കാണും.
കർണാടക നിയമസഭയുടെ കാലാവധി 2023 മേയ് 24ന് അവസാനിക്കാനിരിക്കെ, സർക്കാരിനെ നേരത്തെ പിരിച്ചുവിട്ട് ഡിസംബറിൽ തിരഞ്ഞെടുപ്പിലേക്കു പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കോൺഗ്രസും തിരഞെടുപ്പു സജ്ജമാണെന്ന് കഴിഞ്ഞ ദിവസം ശിവകുമാർ വ്യക്തമാക്കിയിരുന്നു.